പടവെട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തെങ്ങിൽ കയറി സ്വയം കരിക്കിട്ട് കുടിച്ച അനുഭവം പങ്കുവച്ച്
നടി രമ്യ സുരേഷ്.
രമ്യയുടെ വാക്കുകള് ഇങ്ങനെ
ഓഡിഷൻ വഴിയാണ് എന്നെ പടവെട്ടിലേക്ക് തെരഞ്ഞെടുത്തത്. പടവെട്ടിലെ കഥാപാത്രത്തിന് വേണ്ടിയുള്ള ഓഡിഷൻ കണ്ടപ്പോൾ ഒരു വിഡിയോ അയച്ചുകൊടുത്തു. ഓഡിഷന് ഒരുപാടു പേരുണ്ടായിരുന്നു.
സിനിമയിലെ തന്നെ ഒരു സീൻ ആണ് ചെയ്തു കാണിക്കാൻ പറഞ്ഞത്. ഓഡിഷൻ കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്നെ തിരഞ്ഞെടുത്തു എന്ന് വിളിച്ചു പറയുകയായിരുന്നു. സംവിധായകൻ ലിജു കൃഷ്ണ അടിപൊളി മനുഷ്യനാണ്.
ഒരു ആർടിസ്റ്റിൽ നിന്ന് വേണ്ടതെല്ലാം പിഴിഞ്ഞെടുക്കാൻ ലിജുവിന് അറിയാം. ഇനി മുന്നോട്ടുള്ള അഭിനയ ജീവിതത്തിൽ എനിക്ക് ഈ സിനിമയിലെ അനുഭവം ഒരു മുതൽക്കൂട്ടായിരിക്കും. ഇതുവരെ അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ കൂടുതൽ സ്ക്രീൻ സ്പേസ് ഉള്ളതും അഭിനയ സാധ്യതയുള്ളതും ഈ ചിത്രത്തിൽ ആയിരുന്നു.
പടവെട്ടിലെ പുഷ്പ എന്ന കഥാപാത്രം തനി നാട്ടിൻപുറത്തുകാരിയായ തന്റേടിയായ ഒരു സ്ത്രീയാണ്. പ്രായമുണ്ടെങ്കിലും നല്ല എനർജറ്റിക്ക് ആയി ഓടി നടന്ന് വീട്ടിലെ പണിയെല്ലാം ചെയ്യുന്ന, പശുവിനെ വളർത്തി പാല് കറന്നു വിൽക്കുന്ന, തെങ്ങിൽ കയറി തേങ്ങ ഇടാൻ പോലും മടിയില്ലാത്ത ഒരു സ്ത്രീ.
തെങ്ങിൽ കയറണം എന്ന് പറഞ്ഞപ്പോൾ എന്റെ കിളിപോയി. മെഷീൻ ഉപയോഗിച്ചാണ് തെങ്ങിൽ കയറേണ്ടത്. ആദ്യമായി ആ മെഷീൻ കാണുമ്പോൾ പേടി തോന്നാതിരിക്കാൻ ഞാൻ എന്റെ വീടിനടുത്തുള്ള പഞ്ചായത്തിൽ പോയി ഈ മെഷീനിൽ ഒന്ന് കേറി നോക്കി.
ദിവസവും കയറി നോക്കിയാൽ ശരിയാകും എന്നെനിക്ക് തോന്നി. സെറ്റിൽ ചെന്നപ്പോൾ ഈ മെഷീൻ അവർ വാങ്ങി വച്ചിട്ടുണ്ടായിരുന്നു. ദിവസവും തെങ്ങിന്റെ പകുതി വരെ കയറി പഠിക്കാൻ പറഞ്ഞു. അങ്ങനെ തെങ്ങിന്റെ പകുതി വരെ കയറുന്നത് കുഴപ്പമില്ലാതെ ആയി.
സെറ്റിൽ ചെന്നത് മുതൽ എന്നെ എല്ലാവരും പുഷ്പ എന്നാണു വിളിക്കുന്നത്. ഷൂട്ടിന്റെ സമയത്ത് ലിജു പറഞ്ഞു, ‘‘പുഷ്പ തെങ്ങിൽ കയറിക്കോ കട്ട് പറയുമ്പോൾ തിരിച്ചിറങ്ങിയാൽ മതി’’. ആയിരത്തോളം ആൾക്കാരുണ്ട് തെങ്ങിന് ചുറ്റും. ഞാൻ ആത്മവിശ്വാസത്തോടെ കയറിത്തുടങ്ങി.
‘സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവർ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്കൃതത്തിൽ പറഞ്ഞാൽ മതിയല്ലോ’; തൈക്കുടം ബ്രിഡ്ജിനെ പിന്തുണച്ച് സംഗീതസംവിധായകൻ ബിജിബാൽ
തെങ്ങിന്റെ പകുതി കഴിഞ്ഞിട്ടും കട്ട് പറയുന്നില്ല, തിരിഞ്ഞു നോക്കാൻ പറ്റില്ലല്ലോ എനിക്കാകെ വിറ തുടങ്ങി. കയറി കയറി തെങ്ങിന്റെ മുകളിലെത്തി. ഞാൻ ആ സീൻ കുളമാക്കിയാൽ സിനിമയ്ക്ക് ഒരുപാട് നഷ്ടമുണ്ടാകുമെന്നു എനിക്കറിയാം അതുകൊണ്ടു പേടി ഒന്നും കാണിച്ചില്ല.
മുകളിലെത്തിയപ്പോൾ ലിജു പറഞ്ഞു, ‘‘പുഷ്പേ ഒരു തേങ്ങ ഇട്ടേക്കൂ’’. എനിക്ക് തേങ്ങാ ഇടാൻ അറിയില്ല. തേങ്ങ ഇടണമെങ്കിൽ മെഷിനിൽ നിന്ന് കൈ വിടണം. താഴെ നിന്ന് അവർ വിളിച്ചു പറഞ്ഞു, രണ്ടു വിരൽ തേങ്ങയുടെ അകത്തുകൂടി ഇട്ട് ഒന്ന് വലിച്ചാൽ മതി.
അങ്ങനെ ഞാൻ സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് മെഷിനിൽ നിന്ന് വലത് കൈ വിട്ട് തെങ്ങിൽ ചുറ്റിപ്പിടിച്ച് ഇടത് കൈകൊണ്ടു തേങ്ങ വലിച്ചിട്ടു.
അങ്ങനെ മൂന്നുനാലു തേങ്ങ ഇട്ടു. കൊതുമ്പിൽ നിന്നുള്ള പൊടിയടിച്ച് വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. നല്ല സമയമെടുത്താണ് ഇതെല്ലാം ചെയ്തത്. വളരെ എക്സ്പീരിയൻസ് ആയ ഒരാൾ തേങ്ങ ഇടുന്നതിന്റെ പെർഫക്ഷൻ ഒന്നും ആ സീനിൽ ഉണ്ടാകില്ല.
തിരിച്ച് താഴെ ഇറങ്ങാൻ ആണ് ഏറെ പണിപ്പെട്ടത്. തെങ്ങിന്റെ മുകളിൽ നിന്ന് താഴോട്ട് നോക്കുമ്പോൾ തല കറങ്ങും. ലിജു കട്ട് പറഞ്ഞ് ഇറങ്ങിക്കോ എന്ന് പറഞ്ഞപ്പോൾ ഞാൻ പതിയെ ഇറങ്ങിത്തുടങ്ങി.
എല്ലാവരും പേടിച്ചും പ്രാർഥിച്ചും നിൽക്കുകയായിരുന്നു തെങ്ങിന്റെ പകുതി എത്തിയപ്പോൾ താഴെ നിന്ന് കയ്യടി തുടങ്ങി. ചുറ്റും നിന്ന എല്ലാവരും കയ്യടിക്കുകയായിരുന്നു.
ഞാൻ താഴെ എത്തിയതും ലിജു ഓടി വന്നു കെട്ടിപ്പിടിച്ചു എന്നിട്ട് പറഞ്ഞു “വെട്ടിക്കൊടുക്കെടാ പുഷ്പ ഇട്ട കരിക്ക്”. അങ്ങനെ ഞാനിട്ട കരിക്ക് വെട്ടി തന്ന് എന്നെക്കൊണ്ട് കുടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക