അമിത വണ്ണം ഇന്ന് പലരെയും കുഴയ്ക്കുന്ന കാര്യമാണ്. വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അറിയാം. ഇതിന് വര്‍ക്കൗട്ടും പലപ്പോഴും ചിട്ടയായ ഡയറ്റുമെല്ലാം ആവശ്യമായി വരാം. എന്തുതന്നെയായാലും ഭക്ഷണത്തില്‍ അല്പം ശ്രദ്ധിക്കാതെയോ കരുതലെടുക്കാതെയോ വണ്ണം കുറയ്ക്കാന്‍ സാധിക്കുകയില്ലെന്നുള്ളതാണ് വസ്തുത.
ചില ഭക്ഷണങ്ങള്‍ എളുപ്പത്തില്‍ വണ്ണം കൂട്ടാന്‍ കാരണമാകാറുണ്ട്. അതേസമയം ചിലതാകട്ടെ, വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യും. ഇത്തരത്തിലുള്ള ഭക്ഷണങ്ങളെല്ലാം തിരിച്ചറിഞ്ഞ് ഡയറ്റില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുകയോ ഡയറ്റിലുല്പ്പെടുത്തുകയോ ചെയ്യേണ്ടത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്.
പലപ്പോഴും നിങ്ങള്‍ പറഞ്ഞുകേട്ടിട്ടുള്ള ഒന്നായിരിക്കും കപ്പലണ്ടി കഴിക്കുന്നത് വണ്ണം കൂട്ടുമെന്ന വാദം. എന്താണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ന് മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം.
ധാരാളം എണ്ണയും കൊഴുപ്പും അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് കപ്പലണ്ടി ശരീരത്തിന് ദോഷമാണെന്നോ വണ്ണം കൂട്ടുമെന്നോ പലരും കരുതുന്നത്. 100 ഗ്രാം കപ്പലണ്ടിയില്‍ 567 കലോറിയും 25 ഗ്രാം പ്രോട്ടീനും 16 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 50 ഗ്രാം കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഇതിന് പുറമെ ഫൈബറിനാലും ഒമേഗ-6 ഫാറ്റി ആസിഡിനാലും സമ്പന്നമാണ് കപ്പലണ്ടി.
എന്നാല്‍ ഒരിക്കലും കപ്പലണ്ടി വണ്ണം കൂട്ടാന്‍ ഇടയാക്കുന്നൊരു ഭക്ഷണമല്ല. എന്ന് മാത്രമല്ല, മിതമായ അളവിലാണ് കഴിക്കുന്നതെങ്കില്‍ ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. പ്രോട്ടീന്‍ കാര്യമായി അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് ഇവ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യോജിച്ച ഭക്ഷണമാണെന്ന് പറയുന്നത്.
കപ്പലണ്ടി കഴിച്ചുകഴിഞ്ഞാല്‍ ദീര്‍ഘനേരത്തേക്ക് പിന്നീട് വിശക്കുകയില്ല. ഇതോടെ മറ്റ് ഭക്ഷണങ്ങള്‍ കാര്യമായി കഴിക്കുന്നത് നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഇതും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തുന്നു. ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ് എന്നിവയ്ക്കെല്ലാം പകരം കപ്പലണ്ടി പോലുള്ള ആരോഗ്യകരമായ നട്ട്സോ സീഡ്സോ കഴിച്ച് ശീലിക്കുന്നത് അതിനാല്‍ തന്നെ ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക