ഉരുളക്കിഴങ്ങ് ഒരു റഫ്രിജറേറ്ററില്‍ സൂക്ഷിക്കുമ്പോള്‍ അതിന്റെ ഘടന നഷ്ടപ്പെടുന്നു. തണുത്ത താപനില ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന അന്നജത്തെ പഞ്ചസാരയാക്കി മാറ്റുകയും ചെയ്യുന്നു. ഇത് പിന്നീട് പാചകം ചെയ്യുമ്പോള്‍ നിറവ്യത്യാസത്തിലേക്ക് നയിച്ചേക്കാം. റൂം താപനിലയില്‍ തന്നെ കേടുകൂടാതെ നില്ക്കുന്നവയാണ് ഉരുളക്കിഴങ്ങ്.
റൊട്ടി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അതിനെ കടുപ്പമുള്ളതാക്കി മാറ്റുന്നു. ഇവ പിന്നീട് ഉപയോഗിക്കുമ്പോള്‍ രുചിയിലും മാറ്റും വരുന്നു. തണുത്തതും ഈര്‍പ്പമുള്ളതുമായ താപനിലയില്‍ ബ്രെഡ് വേഗത്തില്‍ പഴകുകയും ചെയ്യുന്നു.
തേന്‍ നിങ്ങള്‍ ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട കാര്യമില്ല. പുറം താപനിലയില്‍ സൂക്ഷിച്ചാലും ഇവ എത്ര കാലം വേണമെങ്കിലും കേടുകൂടാതെ നില്ക്കും. വാസ്തവത്തില്‍, തേന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഇവ തണുത്ത് കട്ടകെട്ടുകയും ചെയ്യുന്നു.
പൂര്‍ണ്ണമായും പഴുത്ത തക്കാളികള്‍ മാത്രം റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക, അതും ഒരു പ്ലാസ്റ്റിക് ബാഗില്‍ ഇട്ടതിനുശേഷം. പഴുക്കാത്തത് ഒരിക്കലും ഫ്രിഡ്ജില്‍ വയ്ക്കരുത്. ഇവ മുറിയിലെ ഊഷ്മാവില്‍ വേണം സൂക്ഷിക്കാന്‍. അല്ലാത്തപക്ഷം അവയുടെ സ്വാഭാവിക രുചി നഷ്ടപ്പെടും. പഴുത്ത തക്കാളി ഉപയോഗിക്കുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുക്കാനും മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക