അമിതമായി വെള്ളം കുടിച്ചാൽ അത് ശരീരത്തിന് ദോഷകരമാവുമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. നല്ല ആരോഗ്യത്തിനായി ദിവസവും 8-10 ഗ്ലാസ് വെള്ളം നിർബന്ധമായും കുടിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ശരീര ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായും, മലബന്ധം കുറയ്ക്കാനും, കരളിൽ മാലിന്യങ്ങൾ അടിയുന്നത് തടയാനുമൊക്കെയാണ് അമിതമായ അളവിൽ ആളുകൾ വെള്ളം കുടിക്കുന്നത്. എന്നാൽ ഇതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാകുമെന്നാണ് ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാർ പറയുന്നത്.
ആവശ്യത്തിലധികം വെള്ളം കുടിക്കുമ്പോൾ, അത് ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥയെ തകരാറിലാക്കുകയും സോഡിയം അപകടകരമാംവിധം താഴ്ന്ന നിലയിലേക്ക് കുറയ്ക്കുകയും ചെയ്യും. ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണം മുതൽ അപസ്മാരം വരെ ഇതിനാൽ ഉണ്ടായേക്കാം. ‘ജലം ജീവൻ രക്ഷിക്കുന്നതും അതിജീവനത്തിന് അത്യന്താപേക്ഷിതവുമാണ്. എന്നിരുന്നാലും, അമിതമായ അളവിൽ വെള്ളം, ചുരുങ്ങിയ സമയത്തിനുള്ളിൽ കഴിക്കുന്നത് മരണം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് ഇടയാക്കും,’ ഡോ സുധീർ കുമാർ ട്വീറ്റ് ചെയ്തു.
പ്രതിദിനം 2.5 മുതൽ 3 ലിറ്റർ വെള്ളമാണ് സാധാരണ ശരീരത്തിന് ആവശ്യം എന്നിരിക്കെ കൂടുതൽ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ടെന്ന് ഡോക്ടർ പറയുന്നു. എന്നാൽ പകൽ വെളിച്ചത്തിൽ കഠിനാദ്ധ്വാനം ചെയ്യുന്നവരും, അത്ലറ്റിക്കുകളും കൂടുതൽ വെള്ളം കുടിക്കണം. കാരണം വിയർപ്പിലൂടെ ശരീരത്തിൽ നിന്നും ദ്രാവക നഷ്ടം അമിതമായി ഉണ്ടാവുന്നതിനാലാണ്.അധികം വെള്ളം കുടിക്കുമ്പോൾ മൂത്രത്തിലൂടെ സോഡിയം പോലെ ശരീരത്തിന് ആവശ്യമുള്ള ധാരാളം ലവണങ്ങൾ നഷ്ടമാവും. അതിനാൽ ഓരോരുത്തരും അവർക്ക് ആവശ്യമുള്ള വെള്ളം മാത്രം കുടിച്ചാൽ മതിയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക