ബ്യൂനസ് ഐറിസ്: ഖത്തറിൽ ലോകകപ്പ് കിരീടം ഉയർത്തിയതിന് ശേഷം നടന്ന ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് മിന്നും വിജയം. പനാമയെ 2-0നാണ് അർജന്റീന തോൽപ്പിച്ചത്. മത്സരത്തിൽ തകർപ്പനൊരു ഫ്രീകിക്കിലൂടെ മെസ്സി തന്റെ കരിയറിലെ എണ്ണൂറാം ഗോളും തികച്ചു.
മത്സരത്തിന്റെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് നേടിയത്. 78-ാം മിനിറ്റിൽ മെസിയുടെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ, ആ പന്തു പിടിച്ചെടുത്താണ് തിയാഗോ അൽമാഡ അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. 89-ാം മിനിറ്റിൽ മെസ്സി ഫ്രീകിക്കിലൂടെ ലീഡുയർത്തി.
ചൊവ്വാഴ്ച നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തിൽ അർജന്റീന കുറുസോയെ നേരിടും. ഈ കളിയിൽ ഗോൾ നേടാനായാൽ ദേശീയ ടീമിനായി 100 ഗോളുകൾ എന്ന നാഴികക്കല്ല് മെസിക്ക് സ്വന്തമാക്കാം. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ കളിച്ച അതേ ടീമിനെയാണ് അർജന്റീന പനാമയ്ക്കെതിരെയും കളിക്കാനായി ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക