നാഷണൽ എൻട്രൻസ് എലിജിബിലിറ്റി ടെസ്റ്റ് നാളെ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതൽ 5.20 വരെ നടക്കുന്ന പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. രണ്ടുമണി മുതൽ ആരംഭിക്കുന്ന പരീക്ഷയ്ക്കായി പരീക്ഷാർത്ഥികൾക്ക് 1.15 മുതൽ പരീക്ഷാഹാളിൽ പ്രവേശനം അനുവദിക്കും.
കർശനമായി ഡ്രസ്സ് കോഡ് പാലിച്ചെങ്കിൽ മാത്രമേ പരീക്ഷാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ. കർശനമായ ഡ്രസ്സ് കോഡ് പാലിക്കണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും പരീക്ഷാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മതപരമോ ആചാരപരമോ ആയ വസ്ത്രം ധരിച്ച് പരീക്ഷയ്ക്കായി എത്തുന്നവർ 12.30 നകം പരീക്ഷാ കേന്ദ്രത്തിൽ പരിശോധന നടപടികൾക്കായി റിപ്പോർട്ട് ചെയ്യണം എന്നും നിർദ്ദേശമുണ്ട്.
സ്ലിപ്പർ ധരിച്ചുകൊണ്ട് പരീക്ഷാ ഹാളിൽ പ്രവേശനം അനുവദിക്കുമെങ്കിലും ഷൂസ് ധരിച്ചെത്തുന്ന പരീക്ഷാർത്ഥികളെ പരീക്ഷാ ഹാളിൽ അനുവദിക്കില്ല. മുൻകൂട്ടി അറിയിച്ചുകൊണ്ട് പ്രമേഹ ബാധിതരായവർക്ക് ഗുളികകളും പഴങ്ങളും മറ്റും പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചിട്ടുണ്ട്.
ഹാൾടിക്കറ്റ് ലഭ്യമാകുന്നതിനും പരീക്ഷാ ഹാളിൽ കർശനമായി പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനും പരീക്ഷയെ സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ അറിയുന്നതിനും ഔദ്യോഗിക വെബ്സൈറ്റ് ആയ https://exams.nta.ac.in/ സന്ദർശിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക