നമ്മളിൽ പലരും തടി കുറക്കാൻ ഡയറ്റ് ചെയ്യുന്നവരാണ്. എന്നാൽ ആളുകൾ ഭക്ഷണക്രമം അഥവാ ഡയറ്റ് പിന്തുടരുമ്പോൾ മസ്തിഷ്ക ആശയവിനിമയം മാറുന്നതായി പഠനങ്ങൾ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്.
മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെറ്റബോളിസം റിസർച്ചിലെയും ഹാർവാർഡ് മെഡിക്കൽ സ്കൂളിലെയും ഗവേഷകരാണ് പഠനം നടത്തിയത്. വിശപ്പുമായി ബന്ധപ്പെട്ട നാഡീകോശങ്ങൾക്ക് ഭക്ഷണത്തിന് ശേഷം ശക്തമായ സിഗ്നലുകൾ ലഭിക്കുന്നതായി കണ്ടെത്തി.
എലികളിൽ നടത്തിയ പഠനം അനുസരിച്ച് ഡയറ്റിന് ശേഷം അവ ഭക്ഷണം ഗണ്യമായി കൂടുതൽ കഴിക്കുകയും വേഗത്തിൽ ശരീരഭാരം വർധിപ്പിക്കുകയും ചെയ്യുന്നു. ഡയറ്റിന് ശേഷം തലച്ചോറിലെ ഏത് സർക്യൂട്ടിനാണ് മാറ്റമെന്ന് വിലയിരുത്തിയതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെറ്റബോളിസം റിസർച്ചിലെ ഗവേഷകനായ ഹെന്നിംഗ് ഫെൻസലൗ പറഞ്ഞു.
ഹൈപ്പോതലാമസിലെ ഒരു കൂട്ടം ന്യൂറോണുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വിശപ്പ് നിയന്ത്രിക്കുന്നത് AgRP ന്യൂറോണുകളാണ്. ന്യൂറോൺ പാതകളിലൂടെ സിഗ്നലുകൾ കൂടുതൽ അയച്ച് AgRP ന്യൂറോണുകളെ ഉത്തേജിപ്പിച്ചു. ഇതുകൊണ്ട് എലികൾ കൂടുതൽ ഭക്ഷണം കഴിക്കുകയും ശരീരഭാരം വർധിക്കുകയും ചെയ്തു.
ഡയറ്റിന് ശേഷം ഈ സിഗ്നലുകൾ കൂടുതലായി അയച്ച് AgRP ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നതോടെ ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കുകയും ശരീരഭാരം വർധിക്കുകയും ചെയ്യുന്നു. ഇങ്ങനെ ശരീരഭാരം ഡയറ്റിന് ശേഷം വർധിക്കാതിരിക്കാൻ അല്ലെങ്കിൽ ഡയറ്റിലൂടെ നിയന്ത്രിച്ച ശരീരഭാരം അതേ രീതിയിൽ തന്നെ തുടരാന് മരുന്നുകൾ കണ്ടെത്താനാണ് ഗവേഷകരുടെ ശ്രമം.
AgRP ന്യൂറോണുകളെ സജീവമാക്കുന്ന ന്യൂറോണൽ പാതകളെ തെരഞ്ഞെടുത്ത് ഗവേഷകർ തടഞ്ഞു. ഇതിലൂടെ ശരീരഭാരം ഗണ്യമായി കുറഞ്ഞുവെന്ന് ഫെൻസ്ലൗ പറഞ്ഞു. ന്യൂറൽ വയറിംഗ് ഡയഗ്രമുകൾ എങ്ങനെ വിശപ്പിനെ നിയന്ത്രിക്കുന്നു എന്നതിനെക്കുറിച്ച് മനസിലാക്കാൻ പഠനം സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക