ഐപിഎല്ലില്‍ ഏറ്റവും പ്രായം കൂടിയ നായകനായി റെക്കോര്‍ഡിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ ധോണിക്കുള്ള പങ്ക് വളരെ വലുതാണ്. ഇത് ധോണിയുടെ അവസാന ഐപിഎല്‍ ആകുമെന്ന് വിലയിരുത്തുമ്പോഴും സഹതാരങ്ങളും ആരാധകരുമെല്ലാം ധോണി അടുത്ത സീസണിലും ചെന്നൈക്കായി കളിക്കുമെന്ന് വിശ്വസിക്കുന്നവരാണ്.
എന്നാൽ ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയശേഷം വിരമിക്കൽ സൂചന നൽകിയിരിക്കുകയാണ് താരം. തനിക്ക് പ്രായമായെന്നും ഇത് തന്റെ കരിയറിലെ അവസാന നിമിഷങ്ങളാണെന്നും പറഞ്ഞാണ് ധോണി വിരമിക്കല്‍ സൂചന നല്‍കിയത്.
മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ മത്സരത്തില്‍ ധോണിയെടുത്ത ഒരു ക്യാച്ചിനെക്കുറിച്ച് ഹര്‍ഷ ഭോഗ്ലെ ചോദിച്ചപ്പോഴായിരുന്നു ധോണി ഇത് തന്റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്ന് സൂചിപ്പിച്ചത്. ഹൈദരാബാദ് നായകന് ഏയ്ഡന്‍ മാര്‍ക്രത്തിന്റെ ക്യാച്ച് എടുക്കാന്‍ കഴിഞ്ഞത് പരിചയസമ്പത്ത് കൊണ്ട് മാത്രമാണെന്നും അവിടെ കഴിവിനല്ല പ്രധാന്യമെന്നും ധോണി പറഞ്ഞു.
എന്നാല്‍ ഈ സമയം ഇടപെട്ട ഹര്‍ഷ ഭോഗ്ലെ താങ്കള്‍ക്ക് അധികം പ്രായമൊന്നും ആയിട്ടില്ലെന്ന് പറഞ്ഞു. തീര്‍ച്ചയായും പ്രായമായി, അത് മറച്ചുവെച്ചിട്ട് കാര്യമില്ലെന്നായിരുന്നു ഇതിന് ധോണിയുടെ മറുപടി. തന്റെ കരിയറിലെ അവസാന ഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്നും അതിനാല്‍ കളിയിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും പറഞ്ഞാണ് ധോണി ഈ സീസണോടെ വിരമിക്കുമെന്ന സൂചന നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക