ദുബൈ വിമാനത്താവളത്തില്‍ ബാഗിനുള്ളില്‍ അതിവിദഗ്ദമായി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തു. സംഭവത്തിൽ പ്രവാസി യുവാവ് അറസ്റ്റിലായി. 7.06 കിലോഗ്രാം കഞ്ചാവ് ഒരു പ്രമുഖ ഭക്ഷ്യ ഉത്പന്ന ബ്രാന്‍ഡിന്റെ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പിടിയിലായ ആള് ഏത് രാജ്യക്കാരനാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ പെരുമാറ്റത്തിൽ അസ്വഭാവികത കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ശ്രദ്ധിക്കുകയും തുടര്‍ന്ന് ഇയാളുടെ ലഗേജ് വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ബാഗ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെടുത്തത്.
തുടര്‍ നടപടികള്‍ക്കായി യുവാവിനെ ദുബൈ പൊലീസിന്റെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം ജനറല്‍ ഡയറക്ടറേറ്റിന് കൈമാറി. വിമാനത്താവളത്തിലെ അത്യാധുനിക പരിശോധനാ സംവിധാനങ്ങളും മികച്ച ഉപകരണങ്ങളും എല്ലാത്തരം നിരോധിത വസ്തുക്കളുടെയും കള്ളക്കടത്ത് തടയാന്‍ പ്രാപ്തമാണെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം കമാലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക