കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് മുട്ട. മുട്ട കൊണ്ട് എന്തു വിഭവം ഉണ്ടാക്കിയാലും അതെല്ലാം എല്ലാവർക്കും ഇഷ്ടമാവാറുണ്ട്. ചപ്പാത്തിക്കും പൊറോട്ടക്കും എല്ലാം ഒരുപോലെ കൂട്ടാവുന്ന ഒരു സിമ്പിൾ വിഭവമാണ് മുട്ട മസാല. വളരെ കുറച്ച് ചേരുവകൾ മാത്രം മതി എന്നതും ഇതിന്റെ പ്രത്യേകതയാണ്. എന്തൊക്കെയാണ് വേണ്ടതെന്നും എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നും നമുക്ക് നോക്കാം.
ഇതിനായി ആദ്യം മുട്ട പുഴുങ്ങി വയ്ക്കുക. പച്ചമുളക്, ഉള്ളി, തക്കാളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞ് മാറ്റിവയ്ക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കിയതിനു ശേഷം എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ കുറച്ച് ജീരകവും കടുകും ഇട്ട് പൊട്ടിച്ചെടുക്കുക. അതിനുശേഷം അരിഞ്ഞുവെച്ച ഉള്ളിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴണ്ട് വരുമ്പോൾ അരിഞ്ഞുവെച്ച തക്കാളി ചേർത്തു കൊടുക്കുക. ഇത് നല്ലതുപോലെ വേവിച്ചെടുക്കുക. തക്കാളി വെന്ത ശേഷം കുറച്ച് മഞ്ഞൾപൊടി, എരുവിന് ആവശ്യമായ മുളകുപൊടി പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
മസാല നല്ലതുപോലെ വെന്ത് കഴിയുമ്പോൾ മുട്ടയിട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. മസാല മുട്ടയിൽ നല്ലതുപോലെ പിടിക്കുന്നതുവരെ നന്നായി വേവിച്ചെടുക്കുക. മുട്ട മസാല റെഡിയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക