സ്ഥാനാർഥിയെ കാത്തുനിൽക്കാതെ ബൂത്ത് തലത്തിൽ എത്രയും വേഗം പ്രചാരണ പ്രവർത്തനമാരംഭിക്കാൻ കോൺഗ്രസ് കോഴിക്കോട് കോൺക്ലേവിൽ നിർദേശം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നായി 143 പേരാണു രണ്ടു ദിവസത്തെ ക്യാംപിൽ പങ്കെടുത്തത്.
രണ്ടാം ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അവതരിപ്പിച്ച മിഷൻ 2024 ക്ലാസിലാണ് പാർലമെന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിനു ദിശാബോധം നൽകുന്ന നിർദേശങ്ങൾ അവതരിപ്പിച്ചത്. 15 ദിവസത്തിനകം ബ്ലോക്ക് ഭാരവാഹികളെയും മണ്ഡലം പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കണം.
നേതൃഗുണമുള്ളവരെ മാത്രം ഭാരവാഹികളായി തിരഞ്ഞെടുക്കണമെന്നു വി.ഡി.സതീശൻ പ്രത്യേകം നിർദേശിച്ചു. ഒരു ഗ്രൂപ്പു നേതാവിനെയും അവഗണിക്കേണ്ട. സീനിയർ നേതാക്കളെ പരിഗണിച്ചും ബഹുമാനിച്ചും മുന്നോട്ടുപോകണം.
ബ്ലോക്കിലെ മറ്റു നേതാക്കളുമായും ചർച്ച ചെയ്തേ തീരുമാനങ്ങളെടുക്കാവൂ. എല്ലാ അർഥത്തിലും ബ്ലോക്ക് പ്രസിഡന്റുമാർ മാതൃകാപുരുഷന്മാരാകണമെന്നും എങ്കിൽ സ്വീകാര്യത ലഭിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക