1998ൽ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി പുറത്തിറങ്ങിയ ചിത്രമായിരുന്നു “സമ്മർ ഇൻ ബത്ലഹേം”. ഒരുപാട് ജനപ്രീതി ആർജ്ജിച്ച പാട്ടുകളാൽ സമ്പന്നമായിരുന്നു ചിത്രം. ഈ ചിത്രത്തിൽ ഉണ്ടായിരുന്ന “ഒരു രാത്രി കൂടി വിടവാങ്ങവേ” എന്ന ഗാനം മറ്റൊരു ചിത്രത്തിനായാണ് ഈണം ഇട്ടതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിദ്യാസാഗർ. ക്ലബ്ബ് എഫ് എമ്മിന്റെ “പാട്ടും പറച്ചിലും” എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചിത്രത്തിന്റെ സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്യാനിരുന്ന തമിഴ് ചിത്രത്തിനായി ചെയ്ത ട്യൂൺ അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശപ്രകാരം “സമ്മർ ഇൻ ബത്ലഹേം” എന്ന ചിത്രത്തിൽ ഉപയോഗിക്കുകയായിരുന്നു. ഇതേ ചിത്രത്തിലെ “എത്രയോ ജന്മമായി” എന്ന ഗാനവും സിബി മലയിലിന്റെ തമിഴ് ചിത്രത്തിനായി കമ്പോസ് ചെയ്തതായിരുന്നു. “സമ്മർ ഇൻ ബത്ലഹേം” ചിത്രത്തിലെ ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി എഴുതി യേശുദാസ്, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ, ചിത്ര, സുജാത എന്നിവരാണ് ആലപിച്ചത്. സിയാദ് കോക്കർ നിർമ്മാണം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് രഞ്ജിത്ത് ആയിരുന്നു. സുരേഷ് ഗോപി, മഞ്ജു വാര്യർ, ജയറാം എന്നിവർക്കുപുറമേ അതിഥി വേഷത്തിൽ മോഹൻലാലും ചിത്രത്തിൽ വേഷമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക