മുടിയും മുടിയഴകും ശ്രദ്ധിക്കുന്നവരും പരിപാലിക്കുന്നവരുമാണ് ഭൂരിഭാഗം പേരും, അതിൽ ആൺ-പെൺ വ്യത്യാസമില്ല. എന്നാൽ മുടികൊഴിച്ചിൽ ആശങ്കയില്ലാത്തവർ വിരളമായിരിക്കും. കൂടുതലും മൺസൂൺ കാലത്തെ കേശസംരക്ഷണം മിക്കവർക്കും ഒരു വെല്ലുവിളിയാണ്. കാരണം അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ ഫംഗൽ ഇൻഫെക്ഷനുകൾ, ചീത്ത മണം, മുടി കൊഴിച്ചിൽ, താരൻ, പേൻ ശല്യം എന്നിവയൊക്കെ കാണപ്പെടാറുണ്ട്.
ശ്രദ്ധയോടെയുള്ള പരിചരണവും പോഷകസമൃദ്ധമായ ആഹാരവും ഒരുപരിധിവരെ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. കാലാവസ്ഥാ മാറ്റങ്ങൾക്ക് അനുസരിച്ച് മുടിക്കും സംരക്ഷണം നൽകണം. മഴക്കാലത്ത് എളുപ്പത്തിൽ മുടിയിലെ താരൻ കളയാൻ ചില കാര്യങ്ങൾ ചെയ്യാം.
മുടിയിലെ താരൻ മാറ്റാൻ ഏറ്റവും മികച്ച മാർഗമാണ് ഉലുവ. താരനെ പൂർണമായി കളയാനും മുടി വേഗത്തിൽ വളരാനും ഉലുവ സഹായിക്കും. ഇരുമ്പ്, നിക്കോട്ടിനിക് ആസിഡ്, വൈറ്റമിൻ സി തുടങ്ങിയ പോഷകങ്ങൾ ഉള്ളതിനാല് വളരെ പെട്ടെന്ന് തന്നെ ഇത് താരനെ ചെറുക്കും.
മുടി അഴകിന് ഏറെ പ്രധാനിയാണ് നാരങ്ങ നീര്. മുടിയുടെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഇത് വളരെയധികം സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. നാരങ്ങ നീരും വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിച്ച ശേഷം മുടിയിൽ പുരട്ടുന്നത് താരൻ അകറ്റാൻ ഏറെ സഹായിക്കും. കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ഇത് പുരട്ടിയ ശേഷം കഴുകി കളയാവുന്നതാണ്.
മുടിയിലെ താരൻ മാറ്റാൻ സഹായിക്കുന്ന ഒരു നല്ല വഴിയാണ് ടീ ട്രീ ഓയിൽ ഉപയോഗിക്കുന്നത്. ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയിൽ ഗുണങ്ങളുള്ളതാണ് ടീ ട്രീ ഓയിൽ. ഇത് താരൻ മാറ്റാൻ സഹായിക്കും. തലയിൽ പുരട്ടാൻ ഉപയോഗിക്കുന്ന വെളിച്ചെണ്ണയോ അല്ലെങ്കിൽ ഒലീവ് ഓയിലിലോ രണ്ടോ മൂന്നോ തുള്ളി ടീ ട്രീ ഓയിലും ചേർത്ത് യോജിപ്പിച്ച് തലയിൽ നന്നായി മസാജ് ചെയ്യുക.
മഴക്കാലത്ത് താരൻ മാറ്റാൻ മുടി വ്യത്തിയായി സൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. താരൻ കളയാൻ സഹായിക്കുന്ന ഷാംപൂ ഉപയോഗിച്ച് വേണം മുടി കഴുകാൻ. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടുതവണയെങ്കിലും മുടി കഴുകുക. തലയോട്ടി വൃത്തിയാക്കുകയും അണുബാധകളെ അകറ്റി നിർത്തുകയും ചെയ്യും.
നിങ്ങളുടെ തലമുടി ടവൽ ഉപയോഗിച്ച് ഉണക്കുക അല്ലെങ്കിൽ സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുക. നനഞ്ഞ മുടി കെട്ടി വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. തലയോട്ടിയിൽ ബാക്ടീരിയകൾ വളരാനുള്ള സാധ്യത ഇത് വർദ്ധിപ്പിക്കും. മഴ നനഞ്ഞാൽ മുടി ഉണക്കാൻ ശ്രമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക