കന്നട താരം രാഗിണി ദ്വിവേദി കേന്ദ്ര കഥാപാത്രമായി എത്തുന്ന സർവ്വൈവൽ ത്രില്ലർ ഷീല ജൂലൈ 28ന് തീയേറ്ററുകളിൽ എത്തും. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡിഎം പിള്ള നിർമ്മിക്കുന്ന ചിത്രം ബാലു നാരായണനാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.
മലയാളം, കന്നട എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം കാണ്ഡഹാർ, ഫേയ്സ് ടു ഫേയ്സ് എന്നീ ചിത്രങ്ങൾക്കുശേഷം മലയാളത്തിൽ രാഗിണി എത്തുന്ന സിനിമയാണ്. റിയാസ് ഖാൻ, മഹേഷ് അവിനാശ്, ശോഭരാജ്, സുനിൽ സുഗത, മുഹമ്മദ് എരവട്ടൂർ, ശ്രീപതി, പ്രദോഷ്മോഹൻ, ചിത്ര ഷേണായ്, ലയ സിപ്സൺ, സ്നേഹ മാത്യു, ബബിതാ ബഷീർ, ജാനകി ദേവി എന്നിവരോടൊപ്പം ധാരാളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സർവ്വൈവൽ റിവഞ്ച് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഷീല എന്ന യുവതി ബാംഗ്ലൂരിൽ തനിക്ക് നേരിടേണ്ടിവന്ന ഗുരുതരമായ പ്രശ്നത്തിന് പരിഹാരം തേടി കേരളത്തിലെത്തുമ്പോൾ അവിചാരിതമായി നേരിടേണ്ടിവരുന്ന സംഭവബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ചായഗ്രഹണം നിർവഹിക്കുന്നത് അരുൺ കൂത്തെടുത്ത് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക