ചീത്ത കൊളസ്ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ തോത് വർധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിക്കും. എൽഡിഎൽ കൊളസ്ട്രോൾ കൂടുന്നത് ഹൃദ്രോഗത്തിനും വിവിധ രോഗങ്ങൾക്കും കാരണമാകാറുണ്ട്. അതിനാൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ സഹായിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ ചില പഴങ്ങളും കഴിക്കാവുന്നതാണ്.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു പഴമാണ് ആപ്പിൾ. രണ്ടോ മൂന്നോ ഇടത്തരം വലിപ്പമുള്ള ആപ്പിൾ കഴിക്കുന്നത് മൊത്തം കൊളസ്ട്രോളിന്റെ അളവ് 5% മുതൽ 13% വരെ കുറയ്ക്കുമെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ആപ്പിളിലെ പെക്റ്റിൻ, പോളിഫെനോൾ എന്നിവയാണ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചതെന്നാണ് പഠനം പറയുന്നത്. ബെറി പഴങ്ങളും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നവയാണ്.
ബെറി പഴങ്ങളുടെ ഉപയോഗം എൽഡിഎൽ കൊളസ്ട്രോൾ അളവ് ഗണ്യമായി കുറയ്ക്കുകയാണ് ചെയ്യുക. സ്ട്രോബെറി,ക്രാൻബെറി, ബ്ലൂബെറി മുതലായവ സീസണൽ പഴങ്ങളിൽ നാരുകളുടെ അംശം വളരെ കൂടുതലാണ്. ഇവ ചീത്ത കൊളസ്ട്രോളിന്റെ ഓക്സിഡൈസേഷൻ തടയും. ബ്ലൂബെറിയിലും മറ്റ് ആരോഗ്യകരമായ ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഫൈറ്റോസ്റ്റെറോളുകൾ എൽഡിഎൽ അളവ് കുറയ്ക്കുന്നതായും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
വൈറ്റമിൻ-സി, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഓറഞ്ച് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. കൂടാതെ ഇവ വൃക്കയിൽ കല്ലുകൾ പോലുള്ളവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പോഷകങ്ങളുടെയും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെയും ശക്തമായ ഉറവിടമായ അവോക്കാഡോ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു പഴമാണ്. ഭക്ഷണത്തിൽ ദിവസവും ഒരു അവോക്കാഡോ ചേർക്കുന്നത് അമിതവണ്ണം ഉള്ളവരിൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഉയർന്ന അളവിലുള്ള ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ വാഴപ്പഴവും വളരെ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകളും പൊട്ടാസ്യവും കൊളസ്ട്രോളിന്റെയും രക്തസമ്മർദ്ദത്തിന്റെയും തോത് കുറയ്ക്കും.
വെളുത്തുള്ളി, ഡാർക്ക് ചോക്ലേറ്റ്, ബീൻസ്, സോയാബീൻ, കപ്പലണ്ടി, ചെറുപയർ തുടങ്ങിയ പയർ വർഗ്ഗങ്ങൾ, ഓട്സ്, ബാർളി തുടങ്ങിയ ധാന്യങ്ങൾ കഴിക്കുന്നതും ആരോഗ്യത്തെ സംരക്ഷിക്കുകയും ചീത്ത കൊളസ്ട്രോൾ കൂടാതിരിക്കാനും സഹായിക്കും. ഉയർന്ന അളവിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നത് ഹൃദ്രോഗ, ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നതിനാൽ കൊളസ്ട്രോൾ അളവുകളിൽ മാറ്റങ്ങൾ വരുമ്പോൾ തന്നെ ശ്രദ്ധിച്ചു തുടങ്ങണം. ഇതിനായി ആരോഗ്യകരമായ ഭക്ഷണങ്ങളും വ്യായാമവും ദൈനംദിന ജീവിതത്തിൽ ശീലമാക്കി ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും വേണം. ഇക്കാര്യത്തിൽ ആഹാരത്തിൽ ശ്രദ്ധിക്കുന്നത് പോലെ വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക