കേന്ദ്രസർക്കാറിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ലൈസൻസ് നേടുന്ന ആദ്യ വനിത ഡ്രോൺ പൈലറ്റ് ആയി മലപ്പുറം മങ്കര സ്വദേശിനി റിൻഷ പട്ടയ്ക്കൽ. മലപ്പുറം മക്കരപ്പറമ്പ് ജിവിഎച്ച്എസ്എസ് നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ റിൻഷ ബിടെക് സിവിൽ എഞ്ചിനീയറിങ്ങിന് പ്രവേശനം കാത്തിരിക്കുന്നതിനിടയിലാണ് ഡ്രോൺ പറത്തൽ പരിശീലനം നേടിയത്.
ഡ്രോൺ പരിശീലനത്തിന് ഡിജിസിഎ അംഗീകാരമുള്ള കേരളത്തിലെ ഏക പരിശീലന കേന്ദ്രമായ കാസർകോട്ട് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിലായിരുന്നു റിൻഷാ പരിശീലനം പൂർത്തിയാക്കിയത്. സിവിൽ എൻജിനീയർ ആയ പിതാവ് അബ്ദുൽ റസാഖിന്റെ നിർദ്ദേശപ്രകാരം പരിശീലനത്തിന് ചേർന്ന റിൻഷ സർവ്വേയിൽ ഡ്രോണുകളുടെ ഉപയോഗ സാധ്യതയെക്കുറിച്ച് മനസ്സിലാക്കുകയും അസാപ്പ് കേരളയുടെ പ്രഥമ ഡ്രോൺ പറത്തൽ പരിശീലന ബാച്ചിലെ ഏക വനിതാ പഠിതാവും ആയി മാറി.
കഴിഞ്ഞ മെയ് മാസത്തിൽ ഡിജിസിഎയുടെ അംഗീകാരം ലഭിച്ച ഈ കോഴ്സിന് 96 മണിക്കൂർ ദൈർഘ്യമുണ്ട്. ഈ എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റിങ് കോഴ്സ് പൂർത്തിയാക്കാൻ 16 ദിവസം മാത്രമാണ് വേണ്ടത്. ഈ കോഴ്സിന്റെ ഭാഗമായി അഞ്ചുദിവസത്തെ ഡിജിസിഎ ലൈസൻസിംഗ് പ്രോഗ്രാമും ഉണ്ട്.
ഇന്ന് വ്യാപകമായി ആകാശ നിരീക്ഷണം, രക്ഷാപ്രവർത്തനം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥാ നിരീക്ഷണം, അഗ്നിശമന സേന, ഡ്രോൺ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, കൃഷി, ഡെലിവറി സേവനങ്ങൾ എന്നിവയ്ക്കും ഔദ്യോഗികവും സിവിൽ ആവശ്യങ്ങൾക്കും ഡ്രോണുകൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക