നാല്പതാം പിറന്നാൾ ദിനത്തിൽ അടുത്ത പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ. “കാന്ത” എന്ന് പേരിട്ടിരിക്കുന്ന ചിത്രം റാണാ ദഗുബട്ടിയുടെ സ്പിരിറ്റ് മീഡിയയുമായി സഹകരിച്ച് ദുൽഖറിന്റെ വേഫറർ ഫിലിംസ് തന്നെയാണ് നിർമ്മിക്കുന്നത്. 2016ൽ സിനിക്വസ്റ്റ് സാൻജോസ് ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക അവാർഡ് നേടിയ ‘നില’ എന്ന ചിത്രം സംവിധാനം ചെയ്ത സെൽവമണി സെൽവരാജ് ആണ് ‘കാന്ത’ സംവിധാനം ചെയ്യുന്നത്. ചിത്രത്തെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സെൽവമണി സെൽവരാജ് 2012 ഓസ്കർ അവാർഡുകൾ വാരിക്കൂട്ടിയ ‘ലൈഫ് ഓഫ് പൈ’ എന്ന ചിത്രത്തിന്റെ ഇന്ത്യൻ ഭാഗങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. “കാന്ത വളരെ ഹൃദയത്തോട് അടുത്തുനിൽക്കുന്ന പ്രൊജക്ടാണ്, ഇന്ത്യൻ സിനിമയിൽ നമ്മൾ കണ്ടിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായ കഥയാണ് ഇതിന്. ഇത് കേട്ട ദിവസം മുതൽ ഇതിനായി ഞാൻ ആവേശത്തിലാണ്. സ്പിരിറ്റ് മീഡിയക്കൊപ്പം ഇത് നിർമ്മിക്കാനും അതിലെ എന്റെ കരിയറിലെ വെല്ലുവിളിയായ വേഷം ചെയ്യാനും ഞാൻ ആവേശത്തിലാണ് ” ചിത്രം പ്രഖ്യാപിച്ചു കൊണ്ട് ദുൽഖർ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക