ഹരിയാനയിൽ ഗുരുഗ്രാമിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം ഉണ്ടായി. സെക്ടർ 57ലെ അഞ്ജുമൻ ജുമാമസ്ജിദ് തീയിട്ട് നശിപ്പിച്ചു. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ അർധരാത്രിയാണ് ആക്രമണം നടന്നത്. പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇമാമടക്കം രണ്ട് പേർക്ക് വെടിയേറ്റതായി കേന്ദ്രമന്ത്രിയും ഗുരുഗ്രാം എംപിയുമായ റാവു ഇന്ദർജിത് സിംഗ് സ്ഥിരീകരിച്ചു. സ്ഥലത്തേക്ക് ഇരുപത് കമ്പനി അർദ്ധസൈനികരെ അയച്ചിട്ടുണ്ട്. കേസിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതായി പൊലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിഞ്ഞതായും ഇവർക്കായി വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികൾ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആരാധനാലയങ്ങൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക