മണ്ണാറശാല അമ്മ ഉമാദേവി അന്തർജ്ജനം അന്തരിച്ചു. 93 വയസ്സായിരുന്നു. 1105 കുംഭ മാസത്തിലെ മൂലം നാളിലാണ് കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുഗ്മിനീദേവി അന്തർജ്ജനത്തിന്റെയും മകളായി ഉമാദേവി ജനിച്ചത്. മണ്ണാറശാല ഇല്ലത്തെ എംജി നാരായണൻ നമ്പൂതിരിയുടെ വേളിയായി 1949 ൽ ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായി മാറി.
വലിയമ്മ സാവിത്രി അന്തർജ്ജനം സമാധിയായതോടെ 1993 ഒക്ടോബർ 24നാണ് ഉമാദേവിഅന്തർജനം മണ്ണാറശാല അമ്മയായി ചുമതല ഏൽക്കുന്നത്. 1995 മാർച്ച് 22ന് ക്ഷേത്രത്തിൽ പൂജ ചെയ്തു തുടങ്ങി. ഭർത്താവ് നാരായണൻ നമ്പൂതിരിയുടെ വേർപാടോടെ ഏക മകൾ വത്സലാദേവിയുടെ ഇല്ലത്തിൽ എത്തിപ്പെട്ട ഉമാദേവി അന്തർജ്ജനം ക്രമേണ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ സഹായിയായി മാറുകയും അവരുടെ മരണശേഷം പുതിയ അമ്മയായി ചുമതല ഏൽക്കുകയും ആയിരുന്നു.
ഉമാദേവിയെക്കാൾ കൂടുതൽ പ്രായമുള്ളവർ ഇല്ലത്ത് ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ച് അമ്മയാകാനുള്ള നിയോഗം ഉമാദേവിയെ തേടിയെത്തുകയായിരുന്നു. സ്ഥാനാരോഹണത്തിനുശേഷം ഒരു വർഷത്തിലേറെ കാലം ഇല്ലത്തെ കാരണവർ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കീഴിൽ മന്ത്രങ്ങളും പൂജാവിധികളും ഹൃദ്യസ്ഥമാക്കിയ അമ്മ 1995 മാർച്ച് 22ന് ക്ഷേത്രത്തിൽ പൂജ ചെയ്തു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക