ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയ്ഡൻസ് ക്യാമറ പകർത്തിയ ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. ചന്ദ്രനിലെ വൻ ഗർത്തങ്ങളും പാറക്കഷണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ഇറങ്ങാൻ പറ്റിയ പ്രദേശം കണ്ടെത്താൻ അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ വികസിപ്പിച്ചെടുത്ത ക്യാമറ പേടകത്തെ സഹായിക്കും.
ചന്ദ്രനെ തൊടാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്നലെ പുലർച്ചെ നടന്ന ലാൻഡർ മൊഡ്യൂളിനെ ചന്ദ്രനിലേക്ക് അടുപ്പിക്കുന്ന രണ്ടാമത്തെ ഡീബൂസ്റ്റിംഗ് പ്രക്രിയയും വിജയകരമായിരുന്നു. രണ്ടാം ഡീബൂസ്റ്റിംഗ് പ്രക്രിയ കൂടി വിജയകരമായി പൂർത്തിയാക്കിയതോടുകൂടി 25 കിലോമീറ്റർ വരെ ചന്ദ്രനോട് അടുത്തുള്ള ഭ്രമണപഥത്തിലാണ് നിലവിൽ മൊഡ്യൂൾ ഉള്ളത്. ഓഗസ്റ്റ് 23ന് വൈകിട്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങാനാണ് പേടകം ലക്ഷ്യമിടുന്നത്. നിലവിൽ ലാൻഡർ മൊഡ്യൂളിന്റെ പ്രവർത്തനം തൃപ്തികരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക