ബ്രേക്ക് ഫാസ്റ്റ് ആയും സ്നാക്കായും ഉപയോഗിക്കാവുന്ന ഒരു പലഹാരമായാലോ. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന അമ്മിണി കൊഴുക്കട്ട റെസിപ്പി യാണ് പറയുന്നത്. ഇതിനായി ആദ്യം തന്നെ കുറച്ച് വെള്ളം തിളപ്പിച്ച് എടുക്കാം. ഒരു പാത്രത്തിൽ ആവശ്യത്തിന് അരിപ്പൊടി എടുത്തതിനുശേഷം പാകത്തിന് ഉപ്പു കൂടി ചേർത്ത് തിളച്ച വെള്ളം കുറേശ്ശെയായി ഒഴിച്ച് കൊടുക്കാം. ഇതിലേക്ക് അല്പം തേങ്ങയും ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് കൊടുക്കാം.നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം. ആവശ്യമെങ്കിൽ മാത്രം കുറച്ച് ജീരകം കൂടി ചേർത്തു കൊടുക്കാം.
ചൂട് ആറിയതിനു ശേഷം കുറേശ്ശെ മാവെടുത്ത് കയ്യിൽ വെച്ച് ചെറിയ ഉരുളകളാക്കി എടുക്കാം. തയ്യാറാക്കി വച്ചിരിക്കുന്ന എല്ലാ മാവും ഉരുളകളാക്കിയതിനു ശേഷം ഒരു സ്റ്റീമറിൽ അടുപ്പത്ത് വെച്ച് ആവി കയറ്റി വേവിച്ചെടുക്കാം. നല്ലതുപോലെ വെന്തതിനുശേഷം സ്റ്റീമറിൽ നിന്നും മാറ്റാം.
ഒരു പാൻ അടുപ്പത്തുവെച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ചുകൊടുത്തു ചൂടാക്കാം. ചൂടായ എണ്ണയിലേക്ക് അല്പം കടുകും ഉഴുന്നുപരിപ്പും ഇട്ട് പൊട്ടിച്ചെടുക്കാം. ഇതിലേക്ക് കുറച്ച് വറ്റൽ മുളക് പൊട്ടിച്ചതും കുറച്ച് കറിവേപ്പിലയും എരുവിന് ആവശ്യമായ പച്ചമുളകും അല്പം തേങ്ങയും കൂടി ചേർത്ത് കൊടുക്കാം. നല്ലതുപോലെ മൂത്തു വന്നതിനുശേഷം വേവിച്ച് മാറ്റിവെച്ചിരിക്കുന്ന കൊഴുക്കട്ടകൾ കൂടി ചേർത്തു കൊടുക്കാം. ഒരു പത്ത് പതിനഞ്ചു മിനിറ്റ് ഇട്ട് എണ്ണയിലിട്ട് വഴറ്റിയതിനുശേഷം പ്ലേറ്റിലേക്ക് വിളമ്പി സെർവ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക