ന്യൂഡല്‍ഹി: ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. പ്രധാനമന്ത്രി പ്രഖ്യാപിച്ച ശിവശക്തി പോയിന്റിനെ അതിന്റെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനു കത്തയയ്ക്കുമെന്നും ചക്രപാണി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഹിന്ദുക്കളല്ലാത്ത മറ്റ് മതക്കാര്‍ ചന്ദ്രനിലെത്തുന്നതിന് മുമ്പേ ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചന്ദ്രനില്‍ ആളുകള്‍ പോയി ജിഹാദ് ചെയ്യുകയും ഇസ്ലാമിനെയോ മറ്റു മതങ്ങളെയോ പ്രചരിപ്പിക്കുകയും തീവ്രവാദം വളര്‍ത്തുകയും ചെയ്യുന്നതിനുമുന്പ് തന്നെ ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കി മാറ്റണമെന്നാണ് ചക്രപാണിയുടെ ആവശ്യം.
ഭഗവാൻ ശിവന്റെ തലയിൽ ചന്ദ്രൻ തിളങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദുക്കൾക്കു ചന്ദ്രനുമായി പുരാതനകാലത്തു തന്നെ ബന്ധമുണ്ടെന്നും ചന്ദ്രനെ പരിപാവനമായി കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രനിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുമ്പോൾ ശിവശക്തി പോയിന്റിൽ ശിവ, പാർവതി, ഗണേശ ക്ഷേത്രങ്ങൾ നിർമിക്കാൻ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും സ്വാമി ചക്രപാണി പറഞ്ഞു.
ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങിയ ഓഗസ്റ്റ് 23 ഇനി മുതല്‍ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും ചന്ദ്രയാന്‍ ഇറങ്ങിയ സ്ഥലത്തെ ശിവശക്തി പോയിന്റ് എന്ന് വിശേഷിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക