കൊച്ചി: ആലുവയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി നാട്ടുകാരൻ തന്നെയെന്നു പൊലീസ്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും കുട്ടിയും സാക്ഷികളും ഇയാളുടെ ചിത്രം തിരിച്ചറിഞ്ഞെന്നും റൂറൽ എസ്പി വിവേക് കുമാർ വ്യക്തമാക്കി. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിനു പിന്നിൽ അതിഥി തൊഴിലാളിയല്ലെന്നും നാട്ടുകാരൻ തന്നെയാണ് പ്രതിയെന്നും പൊലീസ് പറയുന്നു. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കുട്ടി ഇപ്പോൾ. അപകട നില തരണം ചെയ്തതായും കുട്ടിക്ക് പരിക്കുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും പൊലീസ് വ്യക്തമാക്കി. സ്വകാര്യ ഭാഗങ്ങളിലടക്കം പരിക്കേറ്റിട്ടുണ്ട്.
രാത്രി രണ്ട് മണിയോടെ കരച്ചിൽ കേട്ട് നാട്ടുകാരനായ സുകുമാരൻ എന്നയാൾ വീടിന്റെ ജനൽ വഴി നോക്കിയപ്പോൾ കുട്ടിയെ ഒരാൾ വലിച്ചിഴച്ചു കൊണ്ടു പോകുന്നതു കണ്ടെന്നു വെളിപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോയ ആളെ നേരിട്ട് കണ്ടാൽ അറിയാമെന്നും സുകുമാരൻ വ്യക്തമാക്കി.
അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിൽ, സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ചാത്തൻ പുറത്ത് ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക