ബിജു മേനോൻ – സുരേഷ് ഗോപി എന്നിവരെത്തുന്ന നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗരുഡൻ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ബിജു മേനോന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.
നിയമ പോരാട്ടത്തിന്റെ കഥ പറയുന്ന ലീഗൽ ത്രില്ലർ എന്ന ജോണറിൽപ്പെടുന്ന ചിത്രമാണിത്. ഇരുവരും നിയമപോരാട്ടത്തിന്റെ അങ്കം കുറിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഉദ്വേഗത്തിന്റെ പുതിയ ദൃശ്യാനുഭവമാണ് സമ്മാനിക്കുകയെന്നാണ് സൂചന.
സുരേഷ് ഗോപിക്കൊപ്പം സിദ്ദിഖും ജഗദീഷും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച കോമ്പിനേഷനാണ് സുരേഷ് ഗോപി, സിദ്ദിഖ്, ജഗദീഷ് ടീം. നീണ്ട ഇടവേളക്കുശേഷം വീണ്ടും ഈ കോംബോ എത്തുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകർ. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഇരുപത്തിയെട്ടാമത് ചിത്രവും ഒപ്പം മൾട്ടി സ്റ്റാർ ചിത്രവുമാണിത്. ഹരീഷ് മാധവൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
തെലെവാസൽ വിജയ്, ദിലീഷ് പോത്തൻ, അഭിരാമി, ദിവ്യാ പിള്ള, രഞ്ജിത്ത് കങ്കോൾ, ജയ്സ് ജോസ്, അജിത്.തലപ്പള്ളി, രഞ്ജിനി, ചൈതന്യ പ്രകാശ്, മാളവിക എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കഥ- ജിനേഷ് എം. സംഗീതം- ജെയ്ക്സ് ബിജോയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക