തിരുവനന്തപുരം: മച്ചി പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെയാണ് സംസ്ഥാന മന്ത്രിസഭാ പുനസംഘടനയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ മന്ത്രിസഭയെന്നൊന്നില്ല. എല്ലാം തീരുമാനിക്കുന്നത് പിണറായി വിജയനും മരുമകൻ മന്ത്രിയുമാണെന്നും മറ്റ് മന്ത്രിമാർക്ക് ഒരു റോളുമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഈ മന്ത്രിസഭ പുനസംഘടന കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലെന്നും തൃശ്ശൂരിൽ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ കെ.സുരേന്ദ്രൻ പറഞ്ഞു.
പിഞ്ച് കുഞ്ഞുങ്ങൾ പോലും പീഡിപ്പിക്കപ്പെടുകയാണ്. മാരകരോഗങ്ങൾ തിരിച്ച് വരുന്നത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടാണ്. ആരോഗ്യവകുപ്പ് വേണ്ടത്രെ മുൻകരുതലുകൾ എടുക്കാത്തതാണ് നിപ വീണ്ടും പടർന്ന് പിടിക്കാൻ കാരണം.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാതെ സോളാറിന്റെ പിന്നാലെ പോവുകയാണ് ഭരണ-പ്രതിപക്ഷങ്ങൾ. ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് സോളാർ കേസെന്ന് സുരേന്ദ്രൻ പറഞ്ഞു. മാസപ്പടി വിവാദത്തിലും ഇവർ ഒരേ പക്ഷത്താണ്. ഭരണപക്ഷത്തിന്റെ അഴിമതിയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. വരും ദിവസങ്ങളിൽ സർക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക