കേരളത്തെ ഹരിതാഭമാക്കി മാറ്റുന്ന വിവിധങ്ങളായ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്. മാലിന്യ സംസ്കരണം കുറ്റമറ്റതാക്കാന്‍ മലയാളികള്‍ ഇനിയും ബോധമാന്മാരാകണമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. നവകേരള മിഷന് ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്ത്വമായി ഓരോ ജനങ്ങളും കാണണമെന്നും മന്ത്രി പറഞ്ഞു.
മാലിന്യത്തിനെതിരെ സമരം നയിക്കുന്ന നായികമാരായി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മാറി എന്നും അവരുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വികസന വിടവുകള്‍ നികത്തിയും വികസന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടും നവകേരളം സൃഷ്ടിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് നാല് വികസന മിഷനുകള്‍ ഉള്‍പ്പെടുന്ന നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചത്. പ്രഖ്യാപിക്കുന്ന പദ്ധതികളെ വിശകലനം ചെയ്ത് അതിലെ ന്യൂനതകള്‍ പരിഹരിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കളക്ട്രേറ്റ് അനക്സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പുരസ്കാരം നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക