ജലാംശം ധാരാളമടങ്ങിയതിനാൽ വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള പച്ചക്കറി കൂടിയാണ് കുമ്പളങ്ങ. വീടുകളിലെ അടുക്കളത്തോട്ടങ്ങളിൽ ധാരാളമായി വളരുന്ന പച്ചക്കറിയായ കുമ്പളങ്ങ പോഷക ഗുണങ്ങളാൽ സമ്പന്നവും ആണ്. ശരീരത്തിനാവശ്യമായ ഫൈബറുകൾ, അന്നജം, പ്രോട്ടീൻ, ഭക്ഷ്യ നാരുകൾ, കാൽസ്യം, മഗ്നീഷ്യം, അയൺ, പൊട്ടാസ്യം, സിങ്ക്,ഫോസ്ഫറസ് എന്നിവയെല്ലാം കുമ്പളങ്ങയിൽ അടങ്ങിയിട്ടുണ്ട്.
കലോറി വളരെ കുറവായതിനാൽ വയറ് കുറയ്ക്കുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനും കുമ്പളങ്ങ സ്ഥിരമായി കഴിക്കുന്നത് ഗുണം ചെയ്യും. വളരെ കുറഞ്ഞ അളവിൽ മാത്രമേ കൊഴുപ്പ് അടങ്ങിയിട്ടുള്ളൂ എന്നതിനാൽ ശരീരഭാരം വർധിപ്പിക്കാതിരിക്കാൻ ഇത് സഹായിക്കും. പ്രമേഹ രോഗികളിൽ ഇൻസുലിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ കുമ്പളങ്ങ ജ്യൂസ് അടിച്ച് കുടിക്കുന്നത് സഹായിക്കും. ഇൻസുലിന്റെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിനും ഷുഗർ കുറയ്ക്കുന്നതിനും സഹായിക്കും.
ക്ഷീണവും തളർച്ചയും ഉള്ളവർ ധാരാളമായി അയൺ അടങ്ങിയ കുമ്പളങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. വിളർച്ചയും അനീമിയയും അകറ്റാൻ ഇത് ഗുണം ചെയ്യും. ദഹന പ്രശ്നങ്ങൾക്ക് പരിഹാരമാർഗമായ വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും ധാരാളമായി കുമ്പളങ്ങയിൽ അടങ്ങിയിട്ടുണ്ട്.
ജലാംശം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ കുമ്പളങ്ങ കഴിക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റുന്നതിനും നല്ലതാണ്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നിർജലീകരണം തടയുന്നതിനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി കൂട്ടുന്നതിനും എല്ലാം കുമ്പളങ്ങ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക