പണ്ട് നമ്മുടെ നാട്ടിൽ ഓട്സ് ഉപയോഗിക്കുന്നത് വിരളമായിരുന്നു. എങ്കിൽ ഇപ്പോൾ ഓട്സ് എന്താണെന്ന് അറിയാത്ത മലയാളികൾ ഉണ്ടാകില്ല. അതിന്റെ പോഷക ഗുണങ്ങളെപ്പറ്റിയും എല്ലാവരും ബോധവാന്മാരാണ്. കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നു. നാരുകളാലും പ്രോട്ടീനുകളാലും സൂക്ഷ്മ പോഷകങ്ങളാലും സമ്പുഷ്ടമാണ് ഓട്സ്. ഓട്സിൽ ബീറ്റാ ഗ്ലൂക്കൻ എന്ന വെള്ളത്തിൽ അലിഞ്ഞുചേരുന്ന നാരിന്റെ ഘടകം അധികം ഉള്ളതിനാൽ അമിതവണ്ണം, കൊളസ്ട്രോൾ, പ്രമേഹം, ഹൃദ്രോഗങ്ങൾ ഇവയെല്ലാം നിയന്ത്രിക്കാൻ അനുയോജ്യമായ ഒരു ആഹാരമാണിത്. എന്നാൽ, ഏതു തരം ഓട്സ് തിരഞ്ഞെടുക്കണം എന്നും അത് ഏതൊക്കെ രീതിയിൽ പാകം ചെയ്യുമ്പോഴാണ് നമ്മുടെ ആരോഗ്യത്തിന് ഗുണപ്രദമാകുന്നത് എന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഓട്സിനെ പ്രധാനമായും നാലായി തരം തിരിക്കാം
1. ഇൻസ്റ്റന്റ് ഓട്സ്
2. റോൾഡ് ഓട്സ്
3. സ്റ്റീൽകട്ട് ഓട്സ്
4. ഹോൾ ഗ്രോട്ട് ഓട്സ്
1. ഇൻസ്റ്റന്റ് ഓട്സ്
ഇൻസ്റ്റന്റ് ഓട്സ് ഏറെ പ്രോസസ് ചെയ്തതും തവിട് കുറവുള്ളതുമാണ്. എന്നാൽ അവയാണ് നമ്മുടെ വിപണിയിൽ അധികമായി ലഭിക്കുന്നതും പാചകം ചെയ്യാൻ എളുപ്പമുള്ളതും.
2. റോൾഡ് ഓട്സ്
മീഡിയം ലെവലിൽ പ്രോസസ് ചെയ്തെടുക്കുന്നതാണ് റോൾഡ് ഓട്സ്.ഇൻസ്റ്റൻഡ് ഓട്സുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് പോഷകമൂല്യം കൂടുതലാണ്.
3. സ്റ്റീൽ കട്ട് ഓട്സ്
ഗ്രോട്ട് ഓട്സ് മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് മുറിക്കുമ്പോൾ ഐറിഷ് ഓട്സ് എന്നും അറിയപ്പെടുന്ന സ്റ്റീൽ കട്ട് ഓട്സ് ലഭിക്കുന്നു. സ്റ്റീൽ കട്ട് ഓട്സ് പോഷകങ്ങളാൽ സമ്പുഷ്ടമാണ്. മറ്റ് രണ്ടുതരം ഓട്സിനെക്കാളും നാരിന്റെ അംശം ഇതിൽ കൂടുതൽ അടങ്ങിയിരിക്കുന്നു.
4. ഹോൾ ഗ്രോട്ട് ഓട്സ്
ഒട്ടും തന്നെ പ്രോസസ് ചെയ്യാത്ത ഏറ്റവും കൂടുതൽ പ്രോട്ടീനും തവിടും അടങ്ങിയിരിക്കുന്ന പോഷകസമൃദ്ധമായ ഓട്സാണ് ഹോൾ ഗ്രോട്ട് ഓട്സ്. തൊണ്ട് നീക്കംചെയ്ത മുഴുവൻ പരിപ്പാണ് ഗ്രോട്ട്സ്. അത് പാചകം ചെയ്യാൻ കൂടുതൽ സമയമെടുക്കുന്നതുമാണ്. ഗ്രോട്ട് ഓട്സ് ദഹന സമയം വൈകിപ്പിക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക