ഇരുചക്ര വാഹന പ്രേമികൾക്കിടയിൽ ഹരമായിരുന്ന ജാവ, യെസ്ഡി ബൈക്കുകൾ ഒരിടവേളയ്ക്ക് ശേഷം വിപണിയിൽ തിരിച്ചെത്തി. മികച്ച പ്രതികരണമാണ് ബൈക്കുകൾക്ക് ലഭിക്കുന്നത്. ഇപ്പോൾ ഇതാ ജാവ 42, യെസ്ഡി റോഡ്സറ്റർ എന്നീ ജനപ്രിയ മോഡലുകൾ അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് ജാവ യെസ്ഡി മോട്ടോർ സൈക്കിൾസ്.
ക്ലാസിക് ഡിസൈനും അത്യാധുനിക പ്രകടനവും ഒന്നിച്ചുള്ള വാഹനങ്ങളാണ് ജാവ 42, യെസ്ഡി റോഡ്സറ്റർ എന്നിവ. സമാനതകളില്ലാത്ത റൈഡിംഗ് അനുഭവം ഉറപ്പുനൽകുന്ന രണ്ട് പ്രീമിയം വേരിയന്റുകളിലും വിവിധ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ നാല് പുതിയ കളർ ഓപ്ഷനുകളും ഇനി മുതൽ ലഭ്യമാകും.
പുതിയ ജാവ 42 ഡ്യുവൽ ടോണിന്റെ വില 1,98,142 രൂപയിൽ ആരംഭിക്കുന്നു. പുതിയ യെസ്ഡി റോഡ്സ്റ്ററിന് 2,08,829 രൂപയാണ് പ്രാരംഭ വില. ജാവ 42 ഇപ്പോൾ 1,89,142 രൂപയിലും യെസ്ഡി റോഡ്സ്റ്റർ 2,06,142 രൂപയിലും ആരംഭിക്കുന്നു (എല്ലാ വിലകളും ഡൽഹി എക്സ്ഷോറൂം).
പുനർരൂപകൽപ്പന ചെയ്ത ജാവ 42 ആണ് പുതിയ ജാവ 42 ഡ്യുവൽ ടോൺ. ഷോർട്ട്ഹാംഗ് ഫെൻഡറുകൾ, പുതിയ ഡിംപിൾഡ് ഫ്യുവൽ ടാങ്ക്, പ്രീമിയം ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ അപ്ഡേറ്റിൽ ഉൾപ്പെടുന്നു. കൂടാതെ, കോസ്മിക് റോക്ക്, ഇൻഫിനിറ്റി ബ്ലാക്ക്, സ്റ്റാർഷിപ്പ് ബ്ലൂ, സെലസ്റ്റിയൽ കോപ്പർ എന്നീ പ്രീമിയം ഡ്യുവൽ ടോൺ കളർ വേരിയന്റുകൾ കാഴ്ചയിൽ അതിമനോഹരമാണ്. എഞ്ചിനും എക്സ്ഹോസ്റ്റ് പാർട്സുകൾക്കും റേവൻ ടെക്സ്ചർ ഫിനിഷാണ് നൽകിയിരിക്കുന്നത്. സ്പോർട്ടി ഫീൽ നൽകുന്നതിനായി സീറ്റിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
എർഗണോമിക്സിൽ പ്രധാന മാറ്റങ്ങൾ വരുത്തിയാണ് പുതിയ യെസ്ഡി റോഡ്സ്റ്റർ എത്തിയിരിക്കുന്നത്. ടൂറിംഗിന് കൂടുതൽ പ്രാധാന്യം നൽകുന്ന വാഹനമാണിത്. റൈഡർ ഫൂട്ട് പെഗ്ഗിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് (155 എംഎം ഫോർവേഡ് സെറ്റ്). ഉയരം കൂടിയ ഹാൻഡിൽ ബാർ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക