പട്ന: അപകടത്തില്‍ മരിച്ചയാളുടെ മൃതശരീരം ബിഹാര്‍ പോലീസ് കനാലിലേക്ക് വലിച്ചെറിഞ്ഞു. വഴിയാത്രക്കാരന് പകര്‍ത്തിയ വീഡിയോയിലൂടെയാണ് പോലീസിന്റെ മനുഷ്യത്വരഹിതമായ നടപടി പുറത്താകുന്നത്. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്.
മുസാഫര്‍പുരിനു സമീപമുള്ള ധോധി കനാലിലേക്കാണ് മൃതദേഹം പോലീസ് വലിച്ചെറിഞ്ഞത്. രണ്ടു പോലീസുകാര്‍ ചേര്‍ന്ന് ഒരാളുടെ രക്തത്തില്‍ കുളിച്ച മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവരുന്നതും മൂന്നു പോലീസുകാര്‍ ചേര്‍ന്ന് മൃതദേഹം കനാലിലേക്കെക്ക് വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം.
പ്രായമായ ഒരാള്‍ ട്രക്കിടിച്ചു മരിച്ചിരുന്നെന്നും മൃതദേഹത്തിന്റെയും വസ്ത്രത്തിന്റെയും ചില ഭാഗങ്ങള്‍ റോഡില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. പോസ്റ്റ് മോര്‍ട്ടത്തിനയക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നില്ല ആ ഭാഗങ്ങളെന്നും അതിനാലാണ് അവശിഷ്ടങ്ങള്‍ കനാലിലേക്കെറിഞ്ഞതെന്നുമാണ് പോലീസിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക