സ്ത്രീകള്‍ പലപ്പോഴും ആരോഗ്യ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. വീട്ടുജോലികളും, കുട്ടികളുടെ കാര്യങ്ങളും, ജോലിയുടെ ഉത്തരവാദിത്വങ്ങളും കാരണം പലർക്കും ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ സാധിക്കാറില്ല.
സ്ത്രീകള്‍ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അവരുടെ ശാരീരികാരോഗ്യത്തിനു മാത്രമല്ല, മാനസികാരോഗ്യത്തിനും ഏറെ പ്രധാനമാണ്. സ്ത്രീകൾ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ചീര. വിറ്റാമിനുകള്‍, കാത്സ്യം, അയേണ്‍, സിങ്ക്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ചീര സ്ത്രീകള്‍ കഴിക്കുന്നത് അവരുടെ ശരീരത്തിന്റെ പ്രതിരോധശേഷിക്കും എല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
പയറുവർഗങ്ങൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ ഇവയും സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അവരുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ഓട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദൈനംദിന ഊർജ്ജത്തിന് വേണ്ട ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും നാരുകളും ഓട്സില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയിൽ മറ്റ് ധാന്യങ്ങളേക്കാൾ കൂടുതൽ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഒപ്പം ആരോഗ്യകരമായ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയതാണ് ഓട്സ്.
പാല് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അസ്ഥികളുടെ സാന്ദ്രത കുറയുന്നതിന് സാധ്യത കൂടുതലാണ്. ഓസ്റ്റിയോപൊറോസിസ് പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തടയാന്‍ കാത്സ്യം ധാരാളം അടങ്ങിയ പാല് കുടിക്കുന്നത് ഗുണം ചെയ്യും. പ്രോട്ടീൻ, ഫോസ്ഫറസ്, ബി വിറ്റാമിനുകള്‍, പൊട്ടാസ്യം, വിറ്റാമിൻ ഡി തുടങ്ങിയവയും പാലില്‍ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക