സ്ത്രീകളില്‍ കണ്ട് വരുന്ന രോഗമാണ് ഗര്‍ഭാശയത്തിലെ മുഴകള്‍ അഥവാ ഫൈബ്രോയിഡുകള്‍ എന്ന് പറയുന്നത്. വലിയ അപകടകാരികളല്ലാത്ത രോഗാവസ്ഥയാണിത്. എന്നാല്‍ രോഗാവസ്ഥ സ്ഥിരീകരിച്ചതിന് ശേഷം ചികിത്സ വൈകിപ്പിക്കുകയാണെങ്കില്‍ പല ബുദ്ധിമുട്ടുകളിലേക്കും രോഗം നമ്മെ നയിക്കും. ഗര്‍ഭാശയത്തിലെ മസ്കുലര്‍ ടിഷ്യുവില്‍ നിന്ന് വികസിക്കുന്ന കാന്‍സര്‍ അല്ലാത്ത വളര്‍ച്ചയാണ് ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍.
ഫൈബ്രോയിഡുകള്‍ ഗര്ഭപാത്രത്തിനകത്തോ അതിന്റെ പുറം ഉപരിതലത്തിലോ ഗര്‍ഭപാത്രത്തിന്റെ ഭിത്തിയിലോ സ്ഥിതി ചെയ്യുന്നു. അവയുടെ വളര്‍ച്ചാ രീതികളും വ്യത്യാസപ്പെടാം. 30-നും 40-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോയിഡുകള്‍ കൂടുതലായി കാണപ്പെടുന്നത്. എങ്കിലും ഏതു പ്രായത്തിലുള്ളവര്‍ക്കും വരാനുള്ള സാധ്യത തള്ളികളയാനാകില്ല.
എന്തെങ്കിലും ശാരീരിക കാരണങ്ങളാല്‍ ഈസ്ട്രജന്, പ്രൊജസ്ട്രോന്‍ എന്നീ ഹോര്‍മോണ്‍ ലെവലുകളില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ഗര്‍ഭപാത്രത്തിലുള്ള തടിപ്പുകളെ വളരാന്‍ സഹായിക്കുന്നതാണ് പ്രധാന കാരണം. മറ്റുചിലപ്പോള്‍ കുടുംബ പാരമ്പര്യം ഇതിനൊരു കാരണമായി കണ്ടുവരാറുണ്ട്. അമിത ഭാരമുള്ള സ്ത്രീകളില്‍ ഫൈബ്രോയിഡുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഗര്‍ഭാശയത്തിലെ ഫൈബ്രോയിഡുകളുടെ ലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം. ക്രമം തെറ്റിയ ആര്‍ത്തവം, പെല്‍വിക് വേദന അല്ലെങ്കില്‍ സമ്മര്‍ദ്ദം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, മലബന്ധം, വയറിലെ നീര്‍വീക്കം, വയറു വേദന എന്നിവയെല്ലാം ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. പെല്‍വിക് പരിശോധന, അള്‍ട്രാസൗണ്ട്, എംആര്‍ഐ അല്ലെങ്കില്‍ മറ്റ് ഇമേജിംഗ് ടെസ്റ്റുകള്‍ എന്നിവയിലൂടെ ഗര്‍ഭാശയത്തിലെ ഫൈബ്രോയിഡുകള്‍ കണ്ടെത്താനാകും.
ജീവിതശൈലി മാറ്റങ്ങള്‍ ഗര്‍ഭാശയത്തിലെ ഫൈബ്രോയിഡുകള്‍ക്ക് നേരിട്ട് ചികിത്സിക്കാന്‍ കഴിയില്ലെങ്കിലും, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, പതിവായി വ്യായാമം ചെയ്യുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, മദ്യം, കഫീന്‍ എന്നിവയുടെ അമിതമായ ഉപയോഗം ഒഴിവാക്കുക എന്നിവയിലൂടെ ഫൈബ്രോയിഡ് വരാതെ നോക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക