സദ്യയിൽ എത്ര വിഭവങ്ങൾ ഉണ്ടായാലും മലയാളിക്ക് മതിവരികയില്ല. സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പച്ചടി. പലവിധത്തിലുള്ള പച്ചടികൾ നമ്മൾ ഉണ്ടാക്കാറുണ്ട്. വളരെയധികം രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഏത്തക്ക പച്ചടി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. പഴുത്ത നേന്ത്രപ്പഴം ഉപയോഗിച്ചാണ് ഏത്തക്ക പച്ചടി തയ്യാറാക്കിയെടുക്കുന്നത്.
ആദ്യം തന്നെ ഏത്തപ്പഴം വട്ടത്തിൽ അരിഞ്ഞെടുക്കണം. പിന്നീട് ഇതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി അല്പം മഞ്ഞൾപ്പൊടി പാകത്തിന് ഉപ്പ് എന്നിവ ഇട്ട് അല്പം വെള്ളം ചേർത്ത് വേവിച്ചെടുക്കണം. ഇത് നല്ലതുപോലെ വെന്തു വരുന്ന സമയം കൊണ്ട് തേങ്ങ, പച്ചമുളക്, ഉള്ളി, കടുക്,കറിവേപ്പില എന്നിവ നല്ലതുപോലെ അരച്ചെടുക്കാം.
ഈ അരപ്പ് വെന്ത് വെള്ളം വറ്റി വന്ന ഏത്തപ്പഴത്തിലേക്ക് ചേർത്തു കൊടുക്കാം. ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം. ഇനി ഇത് തണുക്കാനായി മാറ്റിവയ്ക്കാം. നല്ലതുപോലെ തണുത്ത വരുമ്പോൾ ഇതിലേക്ക് പുളിയില്ലാത്ത അല്പം തൈര് ചേർത്തു കൊടുക്കണം. അര ടീസ്പൂൺ പഞ്ചസാര കൂടി ചേർത്തതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം.
ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് അല്പം എണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കടുക്, കറിവേപ്പില, വറ്റൽ മുളക് എന്നിവ ഇട്ട് താളിച്ചെടുക്കാം.ഇത് തയ്യാറാക്കി വച്ചിരിക്കുന്ന പച്ചടിയിലേക്ക് ചേർത്ത് ഒന്നുകൂടി ഇളക്കി യോജിപ്പിക്കാം. രുചികരമായ ഏത്തക്ക പച്ചടി തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക