ആരോഗ്യകരമായ ശരീരത്തിന് പോഷകസമ്പന്നമായ ഭക്ഷണവും പ്രധാനമാണ്. ശരീരത്തിന് വളരെയധികം പോഷകഗുണങ്ങൾ പ്രധാനം ചെയ്യുന്ന റാഗി സൂപ്പ് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ ഒരു കപ്പ് റാഗിപ്പൊടി എടുത്ത ശേഷം അതിലേക്ക് പാകത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ ഇളക്കിയെടുക്കണം. ഇനി ഇത് ഒന്ന് മാറ്റി വയ്ക്കാം. ഇനി സൂപ്പ് തയ്യാറാക്കാൻ തുടങ്ങാം. അതിനായി ഒരു പാൻ അടുപ്പത്തുവച്ച് ചൂടാക്കിയതിനു ശേഷം അതിലേക്ക് അല്പം കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കണം. ഇതിലേക്ക് അല്പം സവാള, ക്യാരറ്റ്, ബീൻസ്, ക്യാബേജ്, സ്പ്രിംഗ് ഒനിയൻ, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞെടുത്തത് ചേർത്തു കൊടുക്കണം. അല്പം സ്വീറ്റ് കോണും ഗ്രീൻപീസും കൂടി ചേർത്തു കൊടുക്കാം.
ഇത് നല്ലതുപോലെ വഴറ്റിയതിനുശേഷം ഇതിലേക്ക് പാകത്തിന് വെള്ളം ഒഴിച്ചു കൊടുക്കാം. അടച്ചുവെച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കണം. അല്പം കുരുമുളകുപൊടിയും പാകത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഒന്നുകൂടി തിളപ്പിച്ച് എടുക്കാം.
നല്ലതുപോലെ വെന്ത് പരുവമായി വരുമ്പോൾ ഇതിലേക്ക് നമ്മൾ കലക്കി മാറ്റിവെച്ചിരിക്കുന്ന റാഗി കൂടി ചേർത്തു കൊടുക്കണം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം കുറച്ചുനേരം നല്ലതുപോലെ തിളപ്പിച്ചെടുക്കണം. അല്പം നാരങ്ങാനീരും മല്ലിയിലയും കൂടി ചേർത്തതിനുശേഷം ചൂടോടുകൂടി സെർവ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക