ധനുഷ് നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തിട്ടു. അടുത്തവർഷം പൊങ്കലിന് ചിത്രം തീയറ്ററുകളിൽ എത്തും.
ധനുഷിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ആരാധകരിൽ വളരെയധികം പ്രതീക്ഷയുളവാക്കുന്ന ചിത്രമാണ്. ചില സാങ്കേതിക കാരണങ്ങളാൽ ഡിസംബറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം പൊങ്കലിന് റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
മുടിയും താടിയും എല്ലാം നീട്ടി വളർത്തി വ്യത്യസ്തമായ ലുക്കിലാണ് ധനുഷ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു വിപ്ലവനായകനായി ധനുഷ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ ബ്രിട്ടീഷുകാർക്കെതിരെയുള്ള ധനുഷിന്റെ തീപ്പൊരി മിന്നിക്കുന്ന പോരാട്ട രംഗങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.
ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ ക്യാപ്റ്റൻ മില്ലർ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് അരുൺ മാതേശ്വരൻ ആണ്. ധനുഷിന്റെ കരിയറിലെ 47മത്തെ ചിത്രമായ ക്യാപ്റ്റൻ മില്ലർ സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമ്മിക്കുന്നത്.
ധനുഷിനെ കൂടാതെ പ്രിയങ്ക അരുൾ മോഹൻ, ശിവരാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക