ചോറിനോടൊപ്പവും കപ്പ, ദോശ എന്നിവയ്ക്കൊപ്പവുമെല്ലാം ഉപയോഗിക്കാവുന്ന കിടിലൻ രുചിയിലുള്ള ഒരു ചമ്മന്തി നമുക്ക് തയ്യാറാക്കി നോക്കാം. ഇതിനായി ആദ്യം തന്നെ ഒരു നെല്ലിക്ക വലിപ്പമുള്ള പുളി വെള്ളത്തിലിട്ട് കുതിർത്ത് എടുക്കണം. ഇത് ഒന്ന് പിഴിഞ്ഞ് മാറ്റിവയ്ക്കാം.
പിന്നീട് ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കിയതിനുശേഷം അൽപ്പം എണ്ണ ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് കുറച്ച് വറ്റൽമുളക് ഇട്ടുകൊടുത്ത് വറുത്തെടുക്കണം. ചൂട് ആറിയതിനു ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം. നമ്മൾ പിഴിഞ്ഞു മാറ്റി വച്ചിരിക്കുന്ന പുളിയിൽ നിന്നും അല്പം ഇതിലേക്ക് ചേർത്ത് കൊടുക്കണം. ഇത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം.
മറ്റൊരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുക് ഇട്ട് പൊട്ടിക്കണം. കുറച്ച് ഇഞ്ചി ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി ചെറുതായി അരിഞ്ഞത്,ചുവന്നുള്ളി പൊടിയായി അരിഞ്ഞത്, അല്പം കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കാം.
ഇത് നല്ലതുപോലെ മൂത്തു വരുമ്പോൾ അല്പം മഞ്ഞൾപൊടിയും പാകത്തിന് ഉപ്പും നമ്മൾ അരച്ചു മാറ്റി വച്ചിരിക്കുന്ന മുളകും കൂടി ചേർത്തു കൊടുക്കാം. ബാക്കിയുള്ള പുളി കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. ഇത് നല്ലതുപോലെ കുറുകുന്നതുവരെ കാത്തിരിക്കാം. ദോശയ്ക്കും ചോറിനും കപ്പയ്ക്കും എല്ലാം കിടിലൻ കോമ്പിനേഷൻ ആയ ചമ്മന്തി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക