ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നതായി ആംആദ്മി പാര്‍ട്ടി. സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോയിലൂടെ ബിജെപി നടത്തുന്ന പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് പാര്‍ട്ടി ദേശീയ വക്താവ് രാഘവ് ഛദ്ദ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവെച്ചതിന് ആംആദ്മി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഛദ്ദയുടെ പ്രസ്താവന. ബിജെപി നേതാക്കള്‍ കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് സമിതിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഎപിക്ക് നോട്ടീസ് നല്‍കിയത്. അതേസമയം ബിജെപിക്കെതിരെ പരാതി നല്കാന് തിരഞ്ഞെടുപ്പ് കമ്മീഷനോട് പാര്‍ട്ടി സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഛദ്ദ പറഞ്ഞു.
അരവിന്ദ് കെജ്രിവാളിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അരവിന്ദ് കെജ്രിവാള് പാര്‍ട്ടി അധ്യക്ഷനായി മാത്രമല്ല, തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ താര പ്രചാരകനായും പ്രവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വ്യാഴാഴ്ചയ്ക്കകം വിശദീകരണം നല്കാന് അരവിന്ദ് കെജ്രിവാളിനോട് തിരഞ്ഞെടുപ്പ് കമ്മീഷന് എഎപിക്ക് നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക