ആത്തപ്പഴം, കസ്റ്റാര്‍ഡ് ആപ്പിള്‍, എന്നീ പേരുകളില്‍ അറിയപ്പെടുന്ന സീതപ്പഴം രുചിയില്‍ മാത്രമല്ല, ആരോഗ്യത്തിനും വളരെ ഗുണപ്രദമായ ഒന്നാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമായ സീതപ്പഴം ആരോഗ്യകരമായ പഴങ്ങളുടെ പട്ടികയിലുള്ളതാണ്. സീതപ്പഴം ജ്യൂസ് അടിച്ചു കുടിക്കുന്നതും നല്ലതാണ്.
ഇവയിലെ കൗറെനോയിക് ആസിഡ്, ഫ്ളവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍, വിറ്റാമിന്‍ സി എന്നിവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്. അതുപോലെ തന്നെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന വിറ്റാമിന്‍ ബി 6- ന്റെ സാന്നിധ്യം സീതപ്പഴത്തിലുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമപ്പെടുത്താനും അമിതവണ്ണം നിയന്ത്രിക്കാനും മികച്ചതാണ്.
പൊട്ടാസ്യവും സോഡിയവും സന്തുലിത അനുപാതത്തില്‍ അടങ്ങിയിരിക്കുന്ന ചുരുക്കം പഴങ്ങളില്‍ ഒന്നാണ് സീതപ്പഴം. ഇവയിലെ ഉയര്‍ന്ന മഗ്നീഷ്യം ഹൃദയപേശികളില്‍ അയവുവരുത്തി സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയാന്‍ സഹായിക്കുന്നു. ഫൈബറും നിയാസിനും അടങ്ങിയതിനാല്‍ ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. അള്‍സര്‍, വയറ്റിലെ പ്രശ്നങ്ങള്‍, അസിഡിറ്റി എന്നിവ തടയാന്‍ സഹായിക്കും.
കസ്റ്റാര്‍ഡ് ആപ്പിളില്‍ പോളിഫിനോളിക് ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പഴത്തില്‍ ആപ്പിളിനേക്കാള്‍ 2.5 മടങ്ങ് നാരുകളും ഓറഞ്ചിന്റെ പകുതി വിറ്റാമിന്‍ സി- യും അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിലെ ഉയര്‍ന്ന മഗ്നീഷ്യം സുഖശോധന സാധ്യമാക്കുന്നു. അതേസമയം, നല്ല അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ചിലരില്‍ വയറിളക്കത്തിന് കാരണമാകാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക