കൊച്ചി: കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ ദുരന്തമുണ്ടായത് മഴയും ജന തിരക്കും കാരണം. ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്കുള്ള ഗേറ്റ് തുറന്നതിന് പിന്നാലെ വിദ്യാർഥികൾ ഒന്നാകെ ഓടിക്കയറിയപ്പോളാണ് അപകടം ഉണ്ടായത്. ഗേറ്റ് കടന്ന ശേഷം താഴേക്കുള്ള പടികളിൽ വിദ്യാർഥികൾ വീഴുകയായിരുന്നു. പിന്നാലെ വന്നവർ ഇവർക്ക് മേൽ വീണു.
ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ബോളിവുഡ് നായക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കിടെയാണ് അതിദാരുണ സംഭവം.
ഗാനമേള നടന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാർത്ഥികളുടെ വലിയ തിരക്കുണ്ടായിരുന്നു. പെട്ടെന്ന് മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവർ തിക്കി തിരക്കി കയറി. ഇതോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികൾക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്.
64 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 15 വിദ്യാർഥികൾ അത്യാഹിത വിഭാഗത്തിലും മറ്റുള്ളവർ നിരീക്ഷണത്തിലുമാണെന്ന് കലക്ടർ സ്ഥിരീകരിച്ചു. ഇന്ന് 7 മണിയോടെയാണ് കുസാറ്റിൽ അപകടം സംഭവിക്കുന്നത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാല് വിദ്യാർത്ഥികളാണ് മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക