നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് തലവേദന. പല കാരണങ്ങള്‍ കൊണ്ടും തലവേദനയുണ്ടാകാം. അവ എന്തൊക്കെ എന്ന് കണ്ടെത്തുന്നതാണ് ആദ്യ ചികത്സ. ഇത്തരത്തില്‍ തലവേദനയ്ക്ക് പിന്നില്‍ വരാവുന്ന ചില പ്രധാന കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദം, ആംഗ്സൈറ്റി (ഉത്കണ്ഠ) എന്നിവ മൂലമുണ്ടാകുന്ന തലവേദന (ടെൻഷൻ തലവേദന)യാണ് ഇതിലൊന്ന്. ഇത് നമ്മുടെ ഉറക്കത്തെയും ഭക്ഷണത്തെയും എല്ലാം ബാധിക്കാം.
ഉറക്കമില്ലായ്മയും തലവേദനയിലേക്ക് നയിക്കാം. അതുപോലെ തന്നെ തിരിച്ച്, തലവേദന ഉറക്കമില്ലായ്മയിലേക്കും നയിക്കാം.
ശരീരത്തില്‍ ജലാംശം വറ്റിപ്പോകുന്ന നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) എന്ന അവസ്ഥയും തലവേദനയുണ്ടാക്കാം. ദിവസവും ആവശ്യത്തിന് വെള്ളം കുടിച്ചാല്‍ തന്നെ ഇത്തരത്തിലുള്ള തലവേദന ഒഴിവാക്കാവുന്നതാണ്.
ഇന്ന് മിക്കവരും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ഫോണ്‍ ഉപയോഗം കഴിഞ്ഞാല്‍ പിന്നെ ലാപ്ടോപ്, കംപ്യൂട്ടര്‍ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നതും മിക്കവരുടെയും ശീലമാണ്. ഇങ്ങനെ കൂടുതല്‍ സമയം കണ്ണിന് സമ്മര്‍ദ്ദം കൊടുക്കുന്നതും തലവേദനയിലേക്ക് നയിക്കാം. സ്ക്രീൻ സമയം പരിമിതപ്പെടുത്തുകയാണ് ഈ തലവേദനയൊഴിവാക്കാൻ ചെയ്യേണ്ടത്.
സൈനസ് സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നും തലവേദനയുണ്ടാകാം. അല്പം പഴകിയ സൈനസ് പ്രശ്നങ്ങളുടെ ഭാഗമായി ഇടവിട്ട് തലവേദന അനുഭവപ്പെടാം.
ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നും തലവേദനയുണ്ടാകാം. പ്രത്യേകിച്ച് സ്ത്രീകളില്‍ ആര്‍ത്തവത്തോട് അനുബന്ധമായുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇത്തരത്തില്‍ തലവേദന സൃഷ്ടിക്കാറുണ്ട്.
ദിവസവും ഇന്ന സമയത്ത് കാപ്പി കിട്ടിയില്ലെങ്കില്‍ തലവേദന ഉണ്ടാവുന്നവരുണ്ട്. കാപ്പിയിലുള്ള കഫീനോട് വരുന്ന ചെറിയ രീതിയിലുള്ള ‘അഡിക്ഷൻ’ ആണ് ഇതിന് കാരണം. പതിവുള്ള ഡോസ് കഫീൻ കിട്ടാതിരിക്കുമ്പോള്‍ തലവേദനയുണ്ടാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക