കാലാവസ്ഥ കൊണ്ടും കാഴ്ചകളാലും യാത്ര പ്രേമികളെ ഏറെ ആകര്‍ഷിക്കുന്നിടമാണ് സ്വിറ്റ്സര്‍ലന്‍ഡ്. എന്നാല്‍ ഇവിടേക്ക് എത്തിച്ചേരാനുള്ള യാത്രാച്ചിലവാണ് പലരെയും സങ്കടത്തിലാഴ്ത്തുന്നത്. എന്നാല്‍, അതേ കാലാവസ്ഥയ്ക്ക് സമാനമായ മിനി സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യയുടെ പല നഗരങ്ങളിലും കാണാവുന്നതാണ്. മിക്ക യാത്രാപ്രേമികള്‍ക്ക് അവയെക്കുറിച്ച് അറിവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഡല്‍ഹിയില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമാണ് ഹിമാചല്‍ പ്രദേശിലെ ഖജ്ജര്‍. അഡ്വെഞ്ചര്‍ ടൂറിസത്തിനു പേരുകേട്ട സ്ഥലമാണിത്. പൈന്‍, ദേവദാരു മരങ്ങള്‍ക്കിടയിലൂടെയുള്ള ട്രക്കിങ് ആസ്വദിക്കാം. 12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഖാജി നാഗ് ക്ഷേത്രവും ഈ ഗ്രാമത്തിലുണ്ട്. പൂക്കള്‍ നിറഞ്ഞതും പര്‍വതനിരകളാലും പ്രകൃതിദത്തമായതുമായ ഇടമാണ് സിക്കിമിലെ യംതാങ് താഴ്വര. ഗാങ്ടോക്കില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയായി വടക്കന്‍ സിക്കിമിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പൂക്കളാല്‍ ചുറ്റപ്പെട്ട ഈ സ്ഥലത്തെ പൂക്കളുടെ താഴ്വര എന്നും വിളിക്കാറുണ്ട്.
കര്‍ണാടകയിലെ ആകര്‍ഷകമായ ഒരു ഹില്‍ സ്റ്റേഷനാണ് കൂര്‍ഗ്. ‘ഇന്ത്യയുടെ സ്കോട്ട്ലന്‍ഡ്’ എന്ന് വിളിക്കപ്പെടുന്ന കൂര്‍ഗ് വിസ്മയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളാലും കുന്നുകളാലും വിശാലമായ കാപ്പിത്തോട്ടങ്ങളാലും സമ്പന്നമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരി മലനിരകളാണ് ഇവിടത്തെ പ്രധാന ട്രക്കിങ് കേന്ദ്രം.
ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിയാരി, ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കുഗ്രാമമാണ്. സമുദ്രനിരപ്പില്‍ നിന്ന് 2298 മീറ്റര്‍ ഉയരത്തിലാണ് ഈ മനോഹരമായ ഹില്‍ സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്. മിനി കശ്മീര്‍ എന്നും ഇതിനെ വിളിക്കുന്നു. അഞ്ചു കൊടുമുടികളുടെ കൂട്ടമായ പഞ്ചചൂളി ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്.
ഭൂമിയിലെ പറുദീസ എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഇടമാണ് കശ്മീര്‍. ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്. ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇവിടെ സന്ദര്‍ശിക്കാന്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. ശ്രീനഗറിലെ ദാല്‍, നിജീന്‍ തടാകങ്ങള്‍, ഗുല്‍മാര്‍ഗിലെ സവാരി, യുസ്മാര്‍ഗ് പോലെയുള്ള ഹില്‍ സ്റ്റേഷനുകള്‍ എല്ലാം ഇവിടത്തെ ആകര്‍ഷകങ്ങളാണ്.
ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ ചുഹാര്‍ ഘാട്ടിയിലെ വിനോദസഞ്ചാരികള്‍ക്കുള്ള മനോഹരമായ സ്ഥലമാണ് ബരോട്ട് വാലി. ജോഗീന്ദര്‍നഗറില്‍ നിന്ന് 40 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ മാണ്ഡിയില്‍ നിന്ന് 66 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉഹ്ലിന് കുറുകെയുള്ള നര്ഗു വന്യജീവി സങ്കേതം പ്രധാന ആകര്‍ഷണമാണ്.
ഒരു പ്ലാനും ഇല്ലാതെ യാത്ര ചെയ്യാനുളള ഇടമാണ് ഉത്തരാഖണ്ഡിലെ കൗസാനി ഹില്‍-സ്റ്റേഷന്. പര്വതനിരകളാല് ചുറ്റപ്പെട്ട ഇവിടം പൈന്‍ വനങ്ങള്‍ കൊണ്ടുനിറഞ്ഞതാണ്. മഞ്ഞുമൂടിയ കൊടുമുടികളില്‍ നിന്നും ഉയര്‍ന്നുവരുന്ന സൂര്യോദയമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സെപ്തംബര്‍ മുതല്‍ മെയ് വരെയുള്ള സമയമാണ് കൗസാനി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക