തിരുവനന്തപുരം ജില്ലയിലെ മിനി പൊൻമുടി എന്ന പേരിൽ എന്നറിയപ്പെടുന്ന സ്ഥലമാണ് വെള്ളാണിക്കൽ പാറമുകൾ (വെള്ളാനിക്കൽ പാറമുകൾ). ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയോട് സാദൃശ്യമുള്ളതിനാൽ തിരുവനന്തപുരത്തുകാരുടെ മിനി പൊൻമുടി എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
ഒരിക്കൽ എത്തിക്കഴിഞ്ഞാൽ മനസ്സിനെ കീഴടക്കുന്ന പ്രകൃതി സൗന്ദര്യത്തിന്റെ പറുദീസയാണിവിടം. 23 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്രകൃതി രമണീയതയുടെ കേന്ദ്രമാണ് വെള്ളാണിക്കൽ പാറമുകൾ.
തിരുവന്തപുരം ജില്ലയിലെ പോത്തൻകോട്- മാണിക്കൽ- മുദാക്കൽ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് വെള്ളാണിക്കൽ പാറമുകളുള്ള ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
വിനോദ സഞ്ചാരം മാത്രമല്ല ചരിത്രശേഷിപ്പുകൾ ഉറങ്ങിക്കിടക്കുന്ന ഇടം കൂടിയാണ് ഇവിടം. പറങ്കിമാവുകൾ തിങ്ങി നിറഞ്ഞ ഇവിടുത്തെ കാടുകളിൽ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ഒളിവിൽ കഴിഞ്ഞിരുന്നതായി ചരിത്രം പറയുന്നു.
സമുദ്ര നിരപ്പിൽ നിന്നു 500 അടിയിലേറെ ഉയരത്തിൽ വിസ്തൃതമായി പരന്നുകിടക്കുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് വെള്ളാണിക്കൽ പാറമുകൾ. വെള്ളാണിക്കൽ പാറമുകളെ വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചത് 2015ലാണ്.
വെള്ളാണിക്കൽ പാറമുകൾ സന്ദർശിക്കാൻ നിരവധി സഞ്ചാരികളാണ് ദിവസവും ഇവിടെയെത്തുന്നത്. മലകയറ്റം ഇഷ്ടപ്പെടുന്നവർക്കും ചെറിയ സാഹസികതകളിൽ താൽപ്പര്യമുള്ളവർക്കും അനുയോജ്യമായ ഇടം കൂടിയാണ് ഈ പ്രദേശം.
മലമുകളിലെത്തിയാൽ തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള അറബിക്കടൽ തീരം, സഹ്യപർവ്വത മലനിരകൾ തുടങ്ങിയവ കാണാൻ സാധിക്കും. ഇവിടെ നിന്നുള്ള സൂര്യാസ്തമയം അതിമനോഹരമായ ഒരു ദൃശ്യവിസ്മയമാണ്.
തെളിഞ്ഞ കാലവസ്ഥയാണെങ്കിൽ മലമുകളിൽ നിന്ന് നോക്കിയാൽ തെക്കുപടിഞ്ഞാറ് വശത്ത് തിരുവനന്തപുരത്തെ നഗരക്കാഴ്ചകൾ കാണാം.
പടിഞ്ഞാറ് വശത്ത് അറബിക്കടലിന്റെ വശ്യതയും കിഴക്ക് കോടമൂടി കിടക്കുന്ന പൊൻമുടിയും അഗസ്ത്യാർകൂടവും ഉൾപ്പെടുന്ന സഹ്യപർവത മലനിരകളും കാണാൻ സാധിക്കും.
രണ്ട് ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. വെള്ളാണിക്കൽ ഭഗവതി ക്ഷേത്രവും പാറമുകൾ ആയിരവല്ലി ക്ഷേത്രവും. ആദിവാസി വിഭാഗമായ കാണിക്കാർ പൂജചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് വെള്ളാണിക്കൽ ഭഗവതി ക്ഷേത്രവും പാറമുകൾ ആയിരവല്ലി ക്ഷേത്രവും.
പാരമ്പരാഗത രീതിയിലുള്ളതും ഗോത്ര വർഗ്ഗക്കാരുടെ തനിമയുള്ളതുമായ പൂജകൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന ക്ഷേത്രങ്ങൾ കൂടിയാണ് ഇവ രണ്ടും.
ഇവിടെ പ്രദേശവാസികൾ പുലിച്ചാണി എന്ന് വിളിക്കുന്ന ഒരു ഗുഹയുണ്ട്. പണ്ട് കാലത്ത് ഈ ഗുഹയിൽ പുലിയുണ്ടായിരുന്നുവെന്നും അങ്ങനെ ‘പുലിയുടെ വാസസ്ഥലം’ എന്ന അർത്ഥത്തിൽ ഈ ഗുഹയെ പുലിച്ചാണി എന്നു വിളിക്കാനും തുടങ്ങിയെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പുലിച്ചാണി ഗുഹ ആവേശമായിരിക്കും. വെള്ളാണിക്കൽ പാറയുടെ താഴ്വാരത്തിനടുത്താണ് ഈ ഗുഹയുള്ളത്.
തിരുവനന്തപുരം നഗരത്തിൽ നിന്നും തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും 20 കി.മീ അകലെയാണ് വെള്ളാണിക്കൽ പാറ. ഈ പ്രദേശത്തേക്ക് ബസും ടാക്സിയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക