ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ‘ഓസ് ലർ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മമ്മൂട്ടി അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ജനുവരി 11ന് തിയേറ്ററുകളിലെത്തും.
ഇർഷാദ് എം ഹസനൊപ്പം മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മെഡിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ഒന്നായിരിക്കും. മമ്മൂട്ടിയുടെ അതിഥി വേഷവും വളരെയധികം പ്രത്യേകതയുള്ളതാണ്. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ 30 മുതൽ 40 മിനിറ്റോളം നീണ്ടു നിൽക്കുന്ന ശക്തമായ കഥാപാത്രമാകും അദ്ദേഹത്തിന്റേത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ രചന ഡോ രൺധീർ കൃഷ്ണൻ ആണ് നിർവഹിക്കുന്നത്. 2019ന് ശേഷം മലയാളത്തിൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മകൾ’ എന്ന ഒരേയൊരു ചിത്രം മാത്രമാണ് ജയറാമിന്റേതായി പുറത്തിറങ്ങിയത്.
അതേസമയം ഇതര ഭാഷകളിൽ പത്തോളം ചിത്രങ്ങളാണ് അദ്ദേഹം വേഷമിട്ട് തിയേറ്ററുകളിൽ എത്തിയത്. ജയറാമിനെ കൂടാതെ അർജുൻ അശോകൻ, സൈജു കുറുപ്പ്, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, ജഗദീഷ്, സായികുമാർ, ആര്യ സലിം തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആൻ മെഗാ മീഡിയയാണ് ചിത്രം റിലീസിന് എത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക