ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടായ ബാര്‍ഡില്‍ പുതിയ അപ്ഡേറ്റ് വരുന്നതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ അവതരിപ്പിച്ച ‘ജെമിനി’ എന്ന പുതിയതും നൂതനവുമായ എഐ മോഡല്‍ അടിസ്ഥാനമാക്കിയുള്ള അപ്ഡേറ്റാണ് ബാര്‍ഡില്‍ അവതരിപ്പിക്കുക. അള്‍ട്ര, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ജെമിനി എഐയ്ക്കുണ്ടാവുക. മൊബൈല്‍ ഫോണുകളില്‍ മുതല്‍ ഡാറ്റാ സെന്ററുകളില്‍ വരെ പ്രവര്‍ത്തിക്കും വിധമാണ് ഇത് ഒരുക്കിയിട്ടുള്ളത്.
രണ്ട് ഘട്ടങ്ങളായാണ് ബാര്‍ഡില്‍ ജെമിനി അപ്ഡേറ്റ് അവതരിപ്പിക്കുക. തുടക്കത്തില്‍ പ്രത്യേകമായി ഒരുക്കിയ ജെമിനി പ്രോ വേര്‍ഷന്‍ ഉപയോഗിച്ചാണ് ബാര്‍ഡ് അപ്ഗ്രേഡ് ചെയ്യുക. അടുത്തവര്‍ഷം ബാര്‍ഡ് അഡ്വാന്‍സ്ഡ് അവതരിപ്പിക്കും. ഇത് ജെമിനി അള്‍ട്ര ഉപയോഗിച്ചുള്ള അപ്ഗ്രേഡ് ആവും. ജെമിനി പ്രോ ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്ത ബാര്‍ഡ് ആദ്യം ഇംഗ്ലീഷിലാണ് ലഭിക്കുക. 170 രാജ്യങ്ങളില്‍ ഇത് ലഭിക്കും. മറ്റ് ഭാഷകള്‍ താമസിയാതെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദം, കോഡ് എന്നിവയെല്ലാം ജെമിനിക്ക് മനസിലാവും. അത് വിശകലനം ചെയ്യാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ജെമിനിക്ക് സാധിക്കും. സ്വാഭാവികമായും ജെമിനി അപ്ഗ്രേഡ് എത്തുന്നതോടെ ബാര്ഡിനും സമാനമായ കഴിവുകള്‍ ലഭിക്കും. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിക്ക് എതിരാളിയായി ഗൂഗില്‍ അവതരിപ്പിച്ച എഐ ചാറ്റ് ബോട്ടാണ് ബാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക