ആര്‍ത്തവ വേദന കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന മിക്കവരും കഴിക്കുന്ന വേദനസംഹാരികളിലൊന്നാണ് മെഫ്റ്റാല്‍ സ്പാസ്. എന്നാല്‍ ഈ മരുന്നിന്റെ ഉപയോഗത്തിന്മേല്‍ കരുതല്‍ വേണമെന്ന് പറയുകയാണ് സര്‍ക്കാര്‍. ഇന്ത്യന്‍ ഫാര്‍മകോപീയ കമ്മീഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മെഫ്റ്റാല്‍ സ്പാസിന്റെ നിരന്തരമായുള്ള ഉപയോഗംമൂലം അതിലടങ്ങിയിരിക്കുന്ന മെഫിനാമിക് ആസിഡ് എന്ന ഘടകം ഡ്രസ്സ് സിന്‍ഡ്രോം (DRESS Syndrome) എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ആരോഗ്യപ്രവര്‍ത്തകരും രോഗികളും ഈ അലര്‍ജിക് റിയാക്ഷന് വിഷയത്തില്‍ സൂക്ഷ്മ നിരീക്ഷണം നടത്തേണ്ടുണ്ടെന്നും ഐ.പി.സി. പറയുന്നു.
ഡ്രഗ് റാഷ് വിത് ഈസ്നോഫീലിയ ആന്‍ഡ് സിസ്റ്റമിക് സിംപ്റ്റംസ് എന്നതിനേയാണ് ഡ്രസ്സ് സിന്‍ഡ്രോം എന്ന് ഒറ്റവാക്കില്‍ വിളിക്കുന്നത്. പലവിധ മരുന്നുകള്‍ കൊണ്ടും ഈ സാഹചര്യമുണ്ടാകാം. ഗുരുതരമായ അലര്‍ജിക് റിയാക്ഷനാണ് ഇവിടെ സംഭവിക്കുന്നത്. പനി, ചര്‍മത്തില്‍ ചൊറിച്ചില്‍, ആന്തരികാവയവങ്ങളെക്കൂടി ബാധിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവ പ്രകടമാകാം.
ഇത്തരത്തിലുള്ള അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ എന്തെങ്കിലു പ്രകടമായാല്‍ ഉടന്‍ വിദഗധസഹായം തേടണമെന്നും ഐ.പി.സി. പറയുന്നുണ്ട്. ദഹനക്കുറവ്, മറ്റ് ഉദരസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവ ഉള്ളവരാണെങ്കില്‍ മെഫ്റ്റാല്‍ സ്ഥിതി വഷളാക്കുമെന്നും പറയുന്നുണ്ട്.
മെഫ്റ്റാലിന്റെ ദീര്‍ഘനാളായുള്ള ഉപയോഗം വയറില്‍ അള്‍സറുണ്ടാകാന്‍ കാരണമാകുമെന്നും ചികിത്സിക്കാതിരുന്നാല്‍ കാന്‍സറിനു വരെ കാരണമായേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. മാത്രമല്ല നേരത്തേ ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരും ഈ മരുന്ന് ഉപയോഗിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. ആര്‍ത്തവ വേദന കൂടാതെ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് വേദനയ്ക്കും ഇവ നിര്‍ദേശിക്കാറുണ്ട്.
വയറിളക്കം, അമിതമായ ക്ഷീണം, കൈകാലുകളില്‍ നീര്, ചൊറിച്ചില്‍, ഓക്കാനം, മൂത്രമൊഴിക്കുമ്പോള്‍ വേദന, മലത്തില്‍ രക്തം, കണ്ണിലും ചര്‍മത്തിലും മഞ്ഞനിറം തുടങ്ങിയവ മെഫ്റ്റാലിന്റെ പ്രധാന അനന്തരഫലങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക