ബെംഗളൂരു: കോണ്‍ഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വം നിരസിച്ച് നടന് ശിവ രാജ്കുമാര്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാമെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഗ്ദാനമാണ് ശിവരാജ്കുമാര് നിരസിച്ചത്.
ബെംഗളൂരുവില്‍ നടക്കുന്ന ഇഡിഗ സമുദായത്തിന്റെ സംസ്ഥാന സമ്മേളനത്തിലാണ് ഇഷ്ടമുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാമെന്ന നിര്‍ദേശം ഡി.കെ.ശിവകുമാര്‍ വെച്ചത്. ഇതൊരു മികച്ച അവസരമാണെന്നും വിട്ടുകളയരുതെന്നും ശിവരാജ് കുമാറിനോട് പറഞ്ഞു. എന്നാല്‍ സിനിമയ്ക്ക് പുറത്ത് മറ്റൊന്നിനോടും താല്പര്യമില്ലെന്നു പറഞ്ഞ ശിവരാജ്കുമാര് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും വ്യക്തമാക്കി.
‘നിങ്ങള്‍ക്ക് വിനോദം നല്‍കുക എന്നതാണ് എന്റെ ദൗത്യം. എനിക്ക് അഭിനയമാണ് താല്പര്യം. രാഷ്ട്രീയം നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരുപാട് ആളുകള്‍ ഇവിടെയുണ്ട്’- ശിവരാജ്കുമാര് പറഞ്ഞു. തന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രി ബംഗാരപ്പയുടെ മകളുമായ ഗീതാ ശിവരാജ്കുമാര് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കുമെന്നും ശിവ രാജ്കുമാര് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക