ലോകമാകെ പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്. പുതുവര്‍ഷാഘോഷ വേളയില്‍ ‘ടൈം ട്രാവലിന്’ ക്ഷണിക്കുകയാണ് അമേരിക്കൻ വിമാനസര്‍വിസായ യുണൈറ്റഡ് എയര്‍ലൈൻസ്. ശാസ്ത്രത്തിലെ ടൈം ട്രാവല്‍ എന്ന സങ്കല്‍പ്പമല്ല, മറിച്ച് സമയരേഖകള്‍ താണ്ടി ഒരു വര്‍ഷം അപ്പുറത്തേക്ക് പോകാമെന്നാണ് യുണൈറ്റഡ് എയര്‍ലൈൻസിന്റെ ഗുവാമില്‍ നിന്ന് ഹോണോലുലുവിലേക്കുള്ള ബോയിങ് വിമാനയാത്രയുടെ പ്രത്യേകത.
പസഫിക് ദ്വീപിലെ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്. തുടര്‍ന്ന് കിരിബാത്തിക്ക് പടിഞ്ഞാറുള്ള രാജ്യങ്ങളിലേക്ക് ക്രമമായി പുതുവര്ഷപ്പുലരിയെത്തും. പസഫിക് സുദ്രത്തില്‍ യു.എസിന്റെ നിയന്ത്രണത്തിലുള്ള ദ്വീപാണ് ഗുവാം. കിരിബാത്തിക്കും ന്യൂസിലാൻഡിനും പിന്നാലെ പുതുവര്‍ഷം ആദ്യം കടന്നുവരുന്ന മേഖലകളിലൊന്നാണിത്. ഇവിടെ നിന്ന് യു.എസിന്റെ തന്നെ മറ്റൊരു ദ്വീപായ ഹോണോലുലുവിലേക്ക് പറക്കുമ്പോഴാണ് പുതുവര്‍ഷം വീണ്ടും പഴയതാകുന്നത്.
അന്താരാഷ്ട്ര ദിനാങ്ക രേഖക്ക് ഇരുവശത്തുമായാണ് രണ്ട് ദ്വീപുകളും സ്ഥിതിചെയ്യുന്നത് എന്നതാണ് ഇതിന് കാരണം. ലോകത്തിലെ സമയം ക്രമീകരിക്കാനായി അന്താരാഷ്ട്രാംഗീകാരത്തിലുള്ള ഒരു സാങ്കല്പികരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ. ഈ സാങ്കല്‍പ്പിക രേഖക്ക് ഇരുവശത്തെയും സമയങ്ങള്‍ തമ്മില്‍ ഒരു ദിവസത്തിന്റെ വ്യത്യാസമുണ്ടാകും. സമയരേഖകള്‍ കടന്നുള്ള വിമാനയാത്രയില്‍ സ്ഥിരം സംഭവിക്കുന്നതാണ് ഈയൊരു ദിവസമാറ്റമെങ്കിലും, ഒരു വര്‍ഷം തന്നെ പിറകിലേക്ക് മാറുന്നുവെന്നതാണ് ഈ യാത്രയുടെ പ്രത്യേകത.
യുണൈറ്റഡ് എയര്‍ലൈൻസിന്റെ യു.എ 200 ബോയിങ് വിമാനം ഗുവാമില്‍ നിന്ന് പറന്നുയരുക 2024 ജനുവരി ഒന്നിന് രാവിലെ 7.35നാണ്. വിമാനം കിഴക്കുദിശയിലേക്ക് പസഫിക്കിന് കുറുകെയുള്ള അന്താരാഷ്ട്ര ദിനാങ്കരേഖ കടക്കുന്നതോടെ ഒരു ദിവസം പിന്നോട്ടുപോയി വീണ്ടും 2023 ഡിസംബര്‍ 31ലെത്തും. 7 മണിക്കൂര്‍ 15 മിനിറ്റ് പറന്ന് വിമാനം ഹോണോലുലുവില്‍ ലാൻഡ് ചെയ്യുക ഡിസംബര്‍ 31ന് വൈകീട്ട് 6.50നായിരിക്കും. ഗുവാമില്‍ പുതുവര്‍ഷപ്പിറവി ആഘോഷിച്ച് ഒരാള്‍ ഹോണോലുലുവിലേക്ക് പുറപ്പെട്ടാല്‍, അവിടെയും പുതുവര്‍ഷപ്പിറവി ആഘോഷിക്കാനാകും.
You only live once, but you can celebrate New Year's Eve twice! 🎉🎉
UA200 departs Guam at 7:35 a.m. on January 1, 2024 and lands in Honolulu at 6:50 p.m. on December 31, 2023. pic.twitter.com/T3QY1ED9Bl
— United Airlines (@united) December 28, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക