വൈകുന്നേരത്തെ ചായക്കൊപ്പം ചിലപ്പോഴെങ്കിലും കുക്കറിൽ നമുക്കൊരു കലത്തപ്പം തയ്യാറാക്കി എടുക്കാം. കുക്കറിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന കലത്തപ്പത്തിന്റെ റെസിപ്പിയാണ് പറയുന്നത്.
ഇതിനായി ആദ്യം തന്നെ കുറച്ച് പച്ചരി വെള്ളത്തിൽ അല്പസമയം കുതിർത്തെടുക്കണം. ഇനി നമുക്ക് മധുരത്തിന് ആവശ്യമായ ശർക്കര ഒന്ന് ഉരുക്കി എടുക്കാം. നല്ലതുപോലെ കഴുകിയെടുത്ത പച്ചരി ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം. കുറച്ച് ചോറു കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം.
അല്പം മാത്രം വെള്ളം ചേർത്ത് ഇത് നല്ലതുപോലെ അരച്ചെടുക്കണം. ഇനി നമ്മൾ ഉരുക്കി മാറ്റിവെച്ചിരിക്കുന്ന ശർക്കര ഈ മാവിലേക്ക് ചൂടോടുകൂടി ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം. ചൂടോടുകൂടി ഈ ശർക്കര മാവിലേക്ക് ചേർത്തെങ്കിൽ മാത്രമേ നല്ല ആരെടുത്ത കലത്തപ്പം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ.
അതിനുശേഷം ഇതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർത്തു കൊടുക്കാം. അല്പം സോഡാപ്പൊടി കൂടി ചേർത്ത് എടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം അല്പം സമയം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. കൂടുതലൊന്നും വേണ്ട. പത്തോ പതിനഞ്ചോ മിനിറ്റ് മതിയാകും.
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കി എണ്ണ ഒഴിച്ചതിനു ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത തേങ്ങ കൊത്തും അല്പം ചെറിയ ഉള്ളി അരിഞ്ഞതും കൂടി ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കാം. ഇനി ഇതിൽ പകുതിയെടുത്ത് നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന മാവിലേക്ക് ചേർത്തു കൊടുക്കാം. നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.
ഇനി നമുക്ക് കുക്കർ ചൂടാക്കാനായി വയ്ക്കാം. അല്പം എണ്ണ കുക്കറിന്റെ അടിവശത്തായി ഒഴിച്ചു കൊടുത്ത് ചുറ്റിച്ചെടുക്കാം. നല്ലതുപോലെ കുക്കർ ചൂടായി വരുമ്പോൾ ഇതിലേക്ക് നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ചു കൊടുക്കാം. ഇനി ബാക്കിയുള്ള വറവ് കൂടി ഇതിനു മുകളിലായി ഇട്ടുകൊടുക്കാം.
ഇനി കുക്കറിലെ വിസിൽ മാറ്റിയതിനുശേഷം അടപ്പ് വെച്ച് കുക്കർ അടച്ചു കൊടുക്കാം. 20 മിനിറ്റ് കഴിഞ്ഞ് തീ ഓഫ് ചെയ്യാം. തണുത്തതിനു ശേഷം മാറ്റി കൊടുക്കാം. ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുത്ത് സെർവ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക