ഹ്യുണ്ടായിയുടെ മിഡ്-സൈസ് എസ്.യു.വി. മോഡലായ ക്രെറ്റയുടെ 2024 പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നു. ജനുവരി 16-ാം തീയതി ക്രെറ്റയുടെ 2024 പതിപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ക്രെറ്റയുടെ ഡിസൈന്‍ സ്കെച്ച് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ ഹ്യുണ്ടായി.
വാഹനത്തില്‍ വരുത്തിയിട്ടുള്ള പുതുമകളും അഴിച്ചുപണികളും സംബന്ധിച്ച് സ്കെച്ചില്‍ സൂചന നല്‍കുന്നുണ്ട്. എല്‍ ഷേപ്പില്‍ നല്‍കിയിട്ടുള്ള ഡി.ആര്.എല്‍, കണക്ടഡ് ലൈറ്റ് സ്ട്രിപ്പ്, പുതിയ ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന ഗ്രില്ല്, മസ്കുലര്‍ ഭാവമുള്ള ബമ്പറും അതില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി ഹെഡ്ലാമ്പുമെല്ലാം ഡിസൈനിലെ പുതുമയുണ്ട്. വലിയ എയര്‍ഡാമും അതിന് ചുറ്റിലുമായി നീളുന്ന സ്കിഡ് പ്ലേറ്റും നല്‍കിയിട്ടുണ്ട്.
ഹ്യുണ്ടായിയുടെ പുതിയ സെന്സൗസ് സ്പോര്‍ട്ടിനെസ് ഡിസൈന്‍ ലാഗ്വേജിലാണ് 2024 ക്രെറ്റ ഒരുങ്ങുന്നത്. വശങ്ങളിലെ അലോയി വീലുകള്‍ ഹ്യുണ്ടായി മറ്റ് മോഡലുകളില്‍ കണ്ടിട്ടുള്ളതിനോട് സാമ്യം തോന്നുന്നതാണ്. പിന്‍ഭാഗത്തും വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്.
ഹാച്ച്ഡോറില്‍ ഉടനീളമുള്ള കണക്ടഡ് ലൈറ്റ് സ്ട്രിപ്പ്, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പ്, സ്കിഡ് പ്ലേറ്റ് എന്നിവയാണ് പിന്‍ഭാഗത്തും നല്‍കിയിരിക്കുന്നത്. 70 കണക്ടഡ് ഫീച്ചറുകളാണ് ക്രെറ്റയില്‍ നല്‍കുന്നത്. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുമാണ് അകത്തളത്തില്‍ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക