അടുക്കളയിലുണ്ടാകുന്ന അവശിഷ്ടങ്ങള്‍ ഇന്ന് മിക്കവരും ജൈവവളവും കീടനാശിനിയുമൊക്കെ ആക്കി മാറ്റുകയാണ് പതിവ്. ഇങ്ങനെ ചെയ്താൽ പച്ചക്കറികളും പഴവര്‍ഗങ്ങളും നന്നായി വിളയുന്നതിനൊപ്പം അടുക്കള മാലിന്യങ്ങള്‍ സംസ്കരിക്കുകയും ചെയ്യാം. ചില അടുക്കള മാലിന്യങ്ങള്‍ ഉപയോഗിച്ച് ഉള്ള ജൈവവളവും കീടനാശിനിയും പരിചയപ്പെടാം.
1. ഉള്ളിത്തൊലി ലായനി
ഉള്ളിയുടെ തൊലിയും പോളകളും കൊണ്ടുണ്ടാക്കുന്ന ലായനി കീടനിയന്ത്രണത്തിന് ഏറെ സഹായകമാണ്. സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ പുറംതൊലിയും വേര്‍പ്പെടുത്തിക്കളയുന്ന പോളകളും അഗ്രഭാഗങ്ങളുമൊക്കെ കീടനാശിനിയാക്കി മാറ്റാം.
ഇവ ഒരു പാത്രത്തിലിട്ടുവെക്കണം, നിറയുമ്പോള്‍ പാത്രം നിറയെ വെള്ളം നിറയ്ക്കുക. ഒരാഴ്ച സൂക്ഷിച്ചു നന്നായി കുതിര്‍ത്തശേഷം പിഴിഞ്ഞ് അരിച്ച് ലായനി വേര്‍തിരിക്കണം. ഇത് സ്പ്രേയറില്‍ നിറച്ചു പച്ചക്കറികളില്‍ തളിക്കാം. ഈ ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങള്‍, ചെറു പ്രാണികള്‍, ഉറുമ്പുകള്‍ എന്നിവയെ അകറ്റാം.
2.മീന്‍ കഴുകുന്ന വെള്ളം
മീന്‍ കഴുകി കിട്ടുന്ന വെള്ളം ചെടികളുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് സഹായിക്കും. ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം വളര്‍ത്തുന്ന ചെടികള്‍ക്ക് ഏറെ അനുയോജ്യമാണിത്.
3. കഞ്ഞി വെള്ളം
കഞ്ഞി വെള്ളം മികച്ച ജൈവവളവും കീടനാശിനിയുമാണ്. കഞ്ഞിവെള്ളത്തില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് വിളകളുടെ ചുവട്ടിലും ഇലകളിലും തളിക്കാം. പശയുള്ള ഈ കഞ്ഞിവെള്ളം ഇലകളില്‍ തളിക്കുമ്പോള്‍ കീടങ്ങളും പ്രാണികളും ഇവയില്‍ പറ്റിപ്പിടിച്ചു നശിക്കും.
4. ചാരം
ചാരമൊരു മികച്ച ജെവവളമാണ്. ചാരത്തെ ജൈവ വളത്തിലെ രാസവളമെന്നു വിശേഷിപ്പിക്കാറുണ്ട്. പൊട്ടാഷിന്റെ അശം ഏറെ അടങ്ങിട്ടുണ്ടിതില്. വിളകള്‍ പൂവിട്ട് കായ് പിടിക്കാന്‍ പൊട്ടാഷ് വളമായ ചാരമേറെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക